പൂക്കളുടെ വർണ്ണകാഴ്ചകളുമായി സന്ദർശകരെ സ്വീകരിക്കാൻ എറണാകുളത്തപ്പന്‍ ഗ്രൗണ്ട് അണിഞ്ഞൊരുങ്ങി. എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത് കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 (പുഷ്പ – സസ്യ പ്രദര്‍ശനം) യുടെ ഉദ്ഘാടനം ജനുവരി 3ന് വൈകീട്ട് 5 മണിക്ക് ബഹു. കേരളാ ഹൈക്കോടതി ജഡ്ജി – ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ നിർവഹിച്ചു.
ഏറെ പുതുമകളോടെ കൊച്ചിൻ ഫ്ളവർഷോ
ജനപങ്കാളിത്തം കൊണ്ടും പുഷ്‌പോത്സവത്തിലെ കാഴ്ചകളുടെ മികവുകൊണ്ടും തെക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയായ കൊച്ചിൻ ഫ്ളവർഷോ, ഇത്തവണ സന്ദർശകർക്കായി ഏറെ പുതുമകളാണ് കാത്തുവെക്കുന്നത്. അൻപതിനായിരം ചരുരശ്ര അടിയുടെ പ്രദര്‍ശന പന്തലിലാണ് ഈ പൂക്കളുടെ ലോകം ഒരുക്കിയിരിക്കുന്നത്. ഇതിൽ അയ്യായിരം ചതുരശ്ര അടിയിൽ പുഷ്പാലങ്കാരത്തിനായി പ്രത്യേക പവിലിയന്‍ ഒരുക്കിയിട്ടുണ്ട്. ഇതിൽ പൂക്കൾ കൊണ്ട് തീർത്ത പ്രത്യേക അലങ്കാരങ്ങൾ, ചെടികള്‍, പൂക്കള്‍ എന്നിവ കൊണ്ടുളള രൂപങ്ങൾ എന്നിവ കാണികൾക്കായി ഒരുങ്ങിയിരിക്കുന്നു.
വിവിധയിനം ജമന്തികൾ, ഡാലിയ ചെടികൾ, പെറ്റൂണിയ തുടങ്ങിയ അമ്പതോളം ഇനത്തിലുള്ള പൂച്ചെടികൾ കൊണ്ടൊരുക്കിയ മനോഹരമായ ഒരു പൂന്തോട്ടവും പ്രദർശനത്തിന്റെ ഭാഗമാണ്. രണ്ടായിരത്തില്‍പ്പരം റോസാചെടികളും, ആയിരത്തില്‍പ്പരം ഓര്‍ക്കിഡുകളും, ഇരുന്നൂറിലധികം ഇനം ചെമ്പരത്തികളും, പച്ചക്കറിച്ചെടികളും, കള്ളിച്ചെടികളും, വിവിധ തരം ബോണ്‍സായി ചെടികളും, അപൂര്‍വ്വ ഔഷധ ചെടികളും എല്ലാം പുഷ്പ-സസ്യ സ്നേഹികൾക്ക് കാഴ്ചയുടെ ഒരു വലിയ സദ്യയൊരുക്കി കാത്തിരിക്കുന്നു.
എല്ലാ പവലിയനുകളിലും പ്രത്യേകമായി രൂപകല്‌പന ചെയ്ത പശ്ചാത്തലങ്ങൾ പുഷ്പങ്ങൾ ഒരുക്കുന്ന മായികലോകത്തിനു മാറ്റുകൂട്ടുന്നു. ഇത്തരം ക്രമീകരണത്തിലൂടെ സന്ദർശകർക്കായി പവലിയനുകളിൽ ഫോട്ടോ ബൂത്തുകളും മികച്ച സെൽഫി പോയിന്റുകളും ഒരുക്കുവാൻ സംഘാടകർക്കായിട്ടുണ്ട്. പൂക്കൾകൊണ്ടും സസ്യങ്ങൾകൊണ്ടും തീർത്ത കലാസൃഷ്ഠികൾ ആസ്വദിക്കുന്നതോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഇവയ്ക്കരികിൽ നിന്ന് എന്നും ഓർത്തുവെക്കാവുന്ന വർണ്ണമുഹൂർത്തങ്ങൾ കാമറക്കണ്ണിലൂടെ പകർത്താൻ ഇത് അവസരം നൽകുന്നു. മേളയിലെ സെൽഫി സ്പോട്ടുകളിൽ നിന്ന് എടുക്കുന്ന തിരഞ്ഞെടുക്കുന്ന സെൽഫികൾക്ക് ദിവസവും സമ്മാനവും ഏർപെടുത്തിയിട്ടുണ്ട്.
സന്ദർശകർക്ക് മേളയിലെ വിവിധ നഴ്‌സറികളുടെ വില്‍പനശാലകളിൽ നിന്ന് പൂച്ചെടികളും, ഫലവൃക്ഷത്തൈകളും, പച്ചക്കറി വിത്തുകളും മറ്റും വാങ്ങാവുന്നതാണ്.
മേളയിൽ കയര്‍ ബോര്‍ഡ്, മറൈൻ പ്രോഡക്റ്റ്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സംസ്ഥാന കൃഷി വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, സാമൂഹിക സംഘടനകളും പങ്കെടുക്കുന്നുണ്ട്. കയറിൽ നിന്നും നിർമിച്ച വിവിധയിനം ചവുട്ടികൾ, പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുമായാണ് കയർ വകുപ്പിന്റെ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഇവ കൂടാതെ മേളയോട് ചേർന്ന് ചെറുസ്റ്റാളുകളിൽ കരകൗശല വസ്തുക്കൾ, കച്ചവട സാധനങ്ങൾ, വിവിധയിനം ഭക്ഷ്യ വസ്തുക്കൾ, പഴയ പുസ്തകങ്ങൾ എന്നിവയെല്ലാം സംഘാടകർ ഒരുക്കിയിരിക്കുന്നു.
ജനുവരി 12 ഞായറാഴ്ച വരെ ഈ പുഷ്പ-സസ്യ പ്രദർശനം തുടരും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് (6 മുതൽ 12 വയസ്സ് വരെ) 30 രൂപയുമാണ് പ്രവേശനനിരക്കുകൾ. സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
‘ചേളാവ്’ – പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വേറിട്ട കാഴ്ച
പ്ലാസ്റ്റിക് കവറുകളുടെ വീർപ്പുമുട്ടലിന്റെ ആധുനിക കാലത്ത്, പഴയകാലത്തെ കേരളത്തിൽ കാർഷികോൽപ്പന്നങ്ങൾ തൂക്കം നോക്കാനും, അവ കൈകളിലും തലച്ചുമടായും കൊണ്ട് പോകുന്നതിനും ഉപയോഗിച്ചിരുന്ന ‘ചേളാവ്’ അഥവാ ‘ചേളാകം’ എന്ന തുണിസഞ്ചിയെ പുതുരൂപത്തിലും മോടിയിലും അവതരിപ്പിക്കുകയാണ് പത്തനംതിട്ടയിലെ തണ്ണിത്തോട് സപ്‌തസാര സാംസ്‌കാരിക സമിതി. ‘പ്ലാസ്റ്റിക്കിനു ഒന്നാംതരം ബദൽ, ചേളാവ്’ എന്ന സന്ദേശവുമായി പരിസ്ഥിതി സൗഹൃദത്തിന്റെ ഒരു വേറിട്ട കാഴ്ചയാണ് സപ്തസാരയുടെ മേളയിലെ സ്റ്റാൾ.
കട്ടിയുള്ള കോറത്തുണി അഥവാ കട്ടിയുള്ള ചുട്ടിത്തോർത്ത് എന്നിവയിൽ തയ്‌ച്ചായിരുന്നു പഴയകാലത്തു ചേളാവ് നിർമ്മിച്ചിരുന്നത്. എന്നാൽ പുതിയ കാലത്തെ ചേളാവ് പുതുതലമുറയുടെ രുചികൾക്ക് ചേരും വിധമാണ് ഇവർ പുനരവതരിപ്പിക്കുന്നത്. തീർത്തും പരിസ്ഥിതി സൗഹൃദമായ ഈ ആധുനിക ക്യാരിബാഗ് ബട്ടണുകളോ, പ്ലാസ്റ്റിക്കോ, ക്ലിപ്പുകളോ ഒന്നും ഉപയോഗിക്കാതെ പൂർണ്ണമായും കോട്ടൺ തുണിയിലും, പോളിസ്റ്റർ തുണിയിലുമാണ് നിർമ്മിക്കുന്നത്. തുണികളുടെ നാല് മൂലകളും ചേർത്ത് തയിച്ചെടുത്ത് അതിലൂടെ വള്ളി കോർത്താണ് ചേളാവ് തയ്യാറാക്കുന്നത്. 70 മുതൽ 80 രൂപവരെയാണ്, ഈ പ്ലാസ്റ്റിക് കവറുകളുടെ പകരം എത്ര തവണ വേണമെങ്കിലും വീണ്ടും ഉപയോഗിക്കാവുന്ന, പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന, ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ക്യാരിബാഗോ, ക്രോസ് ബാഗോ, ബാക്ക്പാക്കോ, സ്‌കാർഫോ ഒക്കെയായി മാറ്റാവുന്ന തുണിസഞ്ചിയുടെ വില.
കൊച്ചിൻ ഫ്ളവർഷോ 2020യിൽ നിന്നുള്ള ദൃശ്യങ്ങൾ
തയ്യാറാക്കിയത്: കൊച്ചിയിൽ നിന്നും ഹാംലറ്റ്. ഇ [Photo Credits: Hamlet. E]