ബോൾഗാട്ടിയിൽ നടക്കുന്ന കൊച്ചി ഡിസൈൻ വീക്കിൽ അതിഥികളുടെ കാഴ്ചയും ശ്രദ്ധയും ഏറ്റുവാങ്ങി makefriendship കൂട്ടായ്മയും. നാം നേരിട്ട പ്രളയത്തിൽ കേരളത്തിന് കൈത്താങ്ങായി നിന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി രൂപം നൽകിയ ഇൻഷുറൻസ് സുരക്ഷാ പദ്ധതിയിലേക്ക് ഒരാൾക്കുള്ള ഒരു വർഷ പ്രീമിയം തുകയായ 24 രൂപ സമാഹരിക്കുന്നതിനും, അതിലൂടെ കൂടുതൽ മത്സ്യതൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും ക്ഷേമ പദ്ധതിക്കും ഊന്നൽ കൊടുക്കുവാനും വേണ്ടി ജനങ്ങളാൽ രൂപം കൊണ്ട ഒരു കൂട്ടായ്മ. ഇതിനു മുൻപ് 2018 -ൽ ചേന്നമംഗലം കൈത്തറി യൂണിറ്റ് പുനരുദ്ധാരണത്തിനായി രൂപം കൊണ്ട ചേക്കുട്ടിപ്പാവ രൂപകൽപ്പന ചെയ്ത ശ്രിമതി.ലക്ഷ്മി മേനോനും ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരുമാണ് ഈ നന്മയുടെ പിന്നിൽ. മുങ്ങിത്താഴുന്ന 60000 ജീവനുകൾ രക്ഷിച്ച മത്സ്യത്തൊഴിലാളികളോടുള്ള ആദര സൂചകമായി 60000 കളിവഞ്ചികൾ നിർമ്മിക്കുക എന്ന ആശയത്തിൽ തുടങ്ങിയ ഈ സംരംഭത്തിലേക്ക് 2 ലക്ഷത്തിലേറെ പേപ്പർ ബോട്ടുകൾ എത്തിച്ചേർന്നിരിക്കുന്നത് , നിഷ്കളങ്കമായ സ്നേഹത്തിന്റെ സൂചികയായി നമുക്ക് കാണാവുന്നതാണ്.
സ്കൂളുകളിലും, ബിസിനസ് ഇടങ്ങളിലും വരെ ഈ കൃതജ്ഞതയുടേ കളിവഞ്ചി ഇടം നേടിക്കഴിഞ്ഞു. കൊച്ചി ഡിസൈൻ വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന ഈ കൂട്ടായ്മയുടെ സ്റ്റാളിൽ നിങ്ങൾക്കും രജിസ്റ്റർ ചെയ്ത് മൽസ്യത്തൊഴിലാളികൾക്കായുള്ള ന്യൂ ഇന്ത്യ ഇൻഷുറൻസ് നൽകുന്ന 2 ലക്ഷത്തിന്റെ ഇൻഷുറൻസ് പ്രീമിയം തുകയായ 24 രൂപ അടയ്ക്കാവുന്നതാണ്. കൂടാതെ ഒരു ആർട് ഇൻസ്റ്റാളേഷൻ ആയി രൂപം കൊള്ളുന്ന “കൃതജ്ഞതയുടെ കപ്പൽ” – “SHIP OF GRATITUDE ” – ലെക് നിങ്ങൾക്കും തോണികളുണ്ടാക്കി അതിൽ കയ്യൊപ്പ് പതിക്കാവുന്നതുമാണ്.
ഡിജിറ്റൽ ലോകത്തിൽ നിങ്ങൾക്ക് ഡിജിറ്റൽ ബോട്ടുകളും സമർപ്പിക്കാനാകും, അതിലൂടെ നിങ്ങൾക്ക് ഈ ആശയത്തെ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിക്കാനും സാധിക്കും. അതിനായി makefriendship.online എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഡിജിറ്റൽ ബോട്ടുകൾ നിർമ്മിക്കാവുന്നതാണ്.
നല്ല മാറ്റങ്ങൾക്കായി വലിയ പദ്ധതികൾ മാത്രമല്ല ചെറിയ ആശയങ്ങളും, കൂട്ടായ പ്രവർത്തനങ്ങളും അനിവാര്യം എന്ന് ഈ കൂട്ടായ്മയുടെ പ്രവർത്തനത്തിൽ നിന്നും ബോധ്യമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ : www.makefriendship.org