Covid-19 പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര പ്രതിനിധികൾക്കൊഴികെയുള്ള എല്ലാ പുതിയ വിസ, എൻട്രി പെർമിറ്റ് നടപടികളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച കാബിനറ്റ് തീരുമാനം ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന് പുറത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി നീട്ടിനൽകും
അതിനിടെ കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ പല രാജ്യങ്ങളിലുമായി യാത്രാ നിയന്ത്രണങ്ങൾ മൂലവും വിമാനയാത്രാ വിലക്കുകൾ മൂലവും കുടുങ്ങികിടക്കുന്ന നിലവിൽ കുവൈറ്റ് റസിഡൻസ് വിസയുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റും, റെസിഡൻസി വിസകളുടെ കാലാവധിയും നീട്ടി നൽകാനുള്ള നടപടികൾ കൈകൊണ്ടുവരുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ആവശ്യമായ രേഖകൾ കമ്പനി അധികൃതർക്ക് തന്നെ നേരിട്ട് പുതുക്കുന്നതിനായുള്ള സൗകര്യമൊരുക്കും.
ജീവനക്കാർ നിലവിൽ നാട്ടിലാണെങ്കിലും കമ്പനി അധികൃതർക്ക് അവരുടെ വർക്ക് പെർമിറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ നിന്നും, കുവൈറ്റിൽ താമസിക്കുന്നതിനാവശ്യമായ രേഖകൾ ഇമ്മിഗ്രേഷൻ വകുപ്പിൽ നിന്നും കൈപറ്റാവുന്നതാണ് എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുടുംബ ആശ്രിതരുടെ വിസകളും ഇതേ നടപടികളിലൂടെ പുതുക്കാവുന്നതാണ്. ഇന്ത്യ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ചൈന, ഫിലിപ്പീൻസ്, ഹോങ്കോങ്, ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് , തായ്‌ലന്റ്, ഇറ്റലി, ജപ്പാൻ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെ വിസകളാണ് ഇങ്ങിനെ പുതുക്കാനാവുക.