കൊറോണാ വൈറസ് – സ്‌കൂളുകൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശങ്ങളുമായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

GCC News

ചൈനയിൽ നിന്ന് കഴിഞ്ഞ 14 ദിവസത്തിനകം യു എ ഇയിൽ എത്തിയതോ, കുടുംബത്തിൽ ചൈനയിൽ നിന്ന് എത്തിയ അത്തരം അംഗങ്ങളോ ഉള്ള, സ്‌കൂൾ വിദ്യാത്ഥികളോ, അധ്യാപകരോ, മറ്റ്‌ ജീവനക്കാരോ സ്‌കൂളിൽ ഹാജരാകുന്നതിൽ നിന്ന് വിട്ടു നിൽക്കാനാണ് പുതിയ മാർഗനിർദേശം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ചൈനയിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ ദിനം മുതൽ 14 ദിവസം അവധിയിൽ പ്രവേശിക്കണം.

ഇതിനിടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർക്ക് ആവശ്യമായ എല്ലാ വൈദ്യചികിത്സകളും നൽകിവരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും പ്രതിരോധവും സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. ഹുസൈൻ അൽ റാൻഡ് അറിയിച്ചു. ഈ അഞ്ച് പേരുമായി സമ്പർക്കത്തിലിരുന്നവരുടെ സൂക്ഷ്‌മപരിശോധന ഫലങ്ങൾ തൃപ്തികരമാണെന്നും, ഇവർ സമ്പർക്കത്തിലേർപ്പെട്ട ആർക്കും വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല എന്നും, പരിഭ്രമിക്കേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല എന്നും ഡോ. റാൻഡ് കൂട്ടിച്ചേർത്തു.