ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി.
വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റാച്യുവിലെ ത്രിവേണി ടവറിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഉത്സവ സമയങ്ങളിൽ പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് സഹകരണ വകുപ്പ് വിപണിയിടപെടൽ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
വിലക്കുറവിൽ ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കാനായിട്ടുണ്ട്. സവാള വില നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ക്രിസ്മസ് വിപണിയുടെയും ത്രിവേണി സ്പെഷ്യൽ പ്ലം കേക്കിന്റെയും ആദ്യ വില്പന മന്ത്രി നിർവഹിച്ചു.
സംസ്ഥാനത്തുടനീളം 200 ക്രിസ്മസ് സഹകരണ വിപണികളാണ് ആരംഭിക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾക്കൊപ്പം നോൺസബ്സിഡി സാധനങ്ങളും വിലക്കിഴിവിൽ ലഭിക്കും. പൊതുവിപണിയിൽ 13 ഇനങ്ങൾക്ക് 1206 രൂപയാകുമ്പോൾ അതേ സാധനങ്ങൾക്ക് ത്രിവേണിയിൽ 661 രൂപയാണ്. 200 രൂപ വിലയുള്ള പ്ലം കേക്ക് 150 രൂപയ്ക്കും 110 രൂപ വിലയുള്ള പ്ലം കേക്ക് 75 രൂപയ്ക്കുമാണ് വില്പന നടത്തുന്നത്.
കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖാ സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ആർ. സുകേശൻ, അഡീഷണൽ രജിസ്ട്രാർ എം. ബിനോയ്കുമാർ, റീജിയണൽ മാനേജർ ടി. എസ്. സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.
സഹകരണ വിപണി സബ്സിഡി വിലനിലവാരം (പൊതുവിപണി വില ബ്രായ്ക്കറ്റിൽ)
ജയ അരി- 25 രൂപ (39), കുറുവ അരി-25 രൂപ (41), മട്ട അരി -24 രൂപ (46), പച്ചരി – 23 രൂപ (30), പഞ്ചസാര- 22 രൂപ (39), വെളിച്ചെണ്ണ- 92 രൂപ (205), ചെറുപയർ- 74 രൂപ (120), കടല – 43 രൂപ (73), ഉഴുന്ന് – 66 രൂപ (142), വൻ പയർ – 45 രൂപ (93), തുവര പരിപ്പ് – 65 രൂപ (102), മുളക് – 75 രൂപ (186), മല്ലി – 82 രൂപ (90)