കൊറോണാ വൈറസ് ബാധ മൂലം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കായി സൗദി സെൻട്രൽ ബാങ്ക് 50 ബില്യൺ റിയാലിന്റെ സഹായ പദ്ധതി ശനിയാഴ്ച്ച പ്രഖ്യാപിച്ചു. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ (SAMA) ഭാഗമായിട്ടുള്ള ഈ സഹായധനം ചെറുകിട ഇടത്തരം സംരംഭകർക്ക് ബാങ്ക് അടവുകളിൽ നിന്ന് ആറുമാസത്തക്കുള്ള ഇളവുകൾ, ഇളവുകളോടെയുള്ള ധനസഹായം മുതലായവ നൽകുന്നതിനാണ് വിനിയോഗിക്കുക.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനൊപ്പം, ഇവരുടെ പോയിന്റ് ഓഫ് സെയിൽ, ഇ-കോമേഴ്സ് ഇടപാടുകളുടെ ഫീസുകൾ, മക്ക, മദീന എന്നിവിടങ്ങളിലെ നിലവിലെ യാത്രാ വിലക്കുകൾ മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായുള്ള നടപടികൾ എന്നിവയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നിട്ടുണ്ട്.