സംസ്ഥാനത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ നിലവിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്ത് 86 മുനിസിപ്പാലിറ്റി 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്.
കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in ലാണ് സമർപ്പിക്കേണ്ടത്. വോട്ടർപട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും www.lsgelection.kerala.gov.in ലും ലഭ്യമാണ്.
അംഗീകൃത ദേശീയ പാർട്ടികൾക്കും കേരള സംസ്ഥാന പാർട്ടികൾക്കും നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കും പട്ടികയുടെ പകർപ്പ് സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് നിശ്ചിത നിരക്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകൾ സമർപ്പിക്കാം. പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സംബന്ധിച്ച് നഗരകാര്യ റീജിയണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ. വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർമാർ കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചുചേർത്തിട്ടുണ്ട്.