ടാക്സി സേവനങ്ങൾ അടിമുടി നവീകരിക്കുക എന്ന ലക്ഷ്യത്തോടെയും, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) തങ്ങളുടെ ടാക്സി സംവിധാനങ്ങൾ ഡിജിറ്റൽ ആപ് വഴിയാക്കുന്നു. ജനുവരി 15 മുതൽ സ്മാർട്ഫോണിലെ ഒറ്റ ബട്ടൺ ക്ലിക്കിലൂടെ ഉപഭോക്താക്കൾക്ക് ഹലാ ഇ-ബുക്കിംഗ് സംവിധാന വഴി RTA ടാക്സി സേവനങ്ങൾ നേടാവുന്നതാണ്.
RTAയും കരീം(Careem) എന്ന ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്ന കമ്പനിയും ചേർന്ന് കൂട്ടായ്മയായുള്ള സംരംഭമാണ് ഹലാ ടാക്സി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച ഹലാ ടാക്സിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 2 ദശലക്ഷത്തോളം ടാക്സി ബുക്കിങ്ങുകൾ ഇതുവരെ ഹലാ ഇ-ബുക്കിംഗ് വഴി കൈകാര്യം ചെയ്തിട്ടുണ്ട്. ശരാശരി 3.5 മിനിറ്റിൽ ടാക്സി ലഭ്യത ഉറപ്പാക്കുന്ന ഹാലയുടെ മികച്ച സേവനം തങ്ങളുടെ യാത്രക്കാർക്കും ഉറപ്പാക്കുക എന്നതാണ് ഈ മാറ്റത്തിലൂടെ RTA ലക്ഷ്യമിടുന്നത്. സ്മാർട്ട്ഫോൺ ആപ്പിലൂടെ ഈ സേവനം ഉപയോഗിക്കുന്നതിനു ബുദ്ധിമുട്ടു നേരിട്ടേക്കാവുന്ന പ്രായമായ യാത്രക്കാർക്കും മറ്റുമായി പ്രത്യേകമായ ഫോൺ ലൈൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ സേവനം ലഭ്യമാകുന്നതിന് നിങ്ങളുടെ ഫോണിൽ കരീം ആപ്പ് ഇൻസ്റ്റാൾ ചെയുകയും ഒരു അക്കൗണ്ട് ഉണ്ടാകുകയും ചെയ്യണം. ടാക്സി ബുക്ക് ചെയ്യാനായി ആപ്പിൽ നിന്ന് ഹലാ എന്ന കാർ സംവിധാനം തിരഞ്ഞെടുക്കുകയും, നിങ്ങളുടെ യാത്ര തുടങ്ങാനും അവസാനിപ്പിക്കാനുമുള്ള കേന്ദ്രങ്ങൾ, പണം നല്കാനുദ്ദേശിക്കുന്ന രീതി എന്നിവയും നൽകിയാൽ പത്ത് സെക്കന്റിൽ നിങ്ങൾക്ക് ബുക്കിങ് സ്ഥിരീകരിച്ച് കൊണ്ടുള്ള വിവരങ്ങൾ SMS വഴി ലഭ്യമാകും. യാത്ര തുടങ്ങുന്നതിനു മുന്നേ തന്നെ ഡ്രൈവറുടെ വിവരങ്ങളും, ടാക്സിക്കൂലിയും മറ്റും നിങ്ങൾക്ക് അറിയുവാനും, വാഹനം എവിടെയെത്തി എന്നത് തത്സമയം അന്വേഷിക്കുവാനും ഇതിലൂടെ കഴിയും.