യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരം

GCC News

യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർക്ക് ആവശ്യമായ എല്ലാ വൈദ്യചികിത്സകളും നൽകിവരുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും പ്രതിരോധവും സംബന്ധിച്ച വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ദേശീയ സമിതി ചെയർമാനുമായ ഡോ. ഹുസൈൻ അൽ റാൻഡ് അറിയിച്ചു.

ഇതേ സമയം ഈ അഞ്ച് പേരുമായി സമ്പർക്കത്തിലിരുന്നവരുടെ സൂക്ഷ്‌മപരിശോധന ഫലങ്ങൾ തൃപ്തികരമാണെന്നും, ഇവർ സമ്പർക്കത്തിലേർപ്പെട്ട ആർക്കും വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല എന്നും, പരിഭ്രമിക്കേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ല എന്നും ഡോ. റാൻഡ് കൂട്ടിച്ചേർത്തു. ഇത്തരം ലക്ഷണങ്ങൾ പിന്നീട് ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടാൻ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകിയതായും അറിയിച്ചു. ശനിയാഴ്ച്ച രാത്രി വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ചാമത്തെ ചൈനീസ് വംശജന്റെ കൂടെ ചൈനയിലെ വുഹാനിൽ നിന്ന് യാത്ര ചെയ്ത കുടുംബാംഗങ്ങളെ സൂക്ഷ്‌മപരിശോധന വിധേയരാക്കിയതായും, എന്നാൽ അവർക്കാർക്കും വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ അവരെയും ആശുപത്രിയിൽ ക്വാറന്റൈൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊറോണാ വൈറസ് ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും അവ പ്രചരിപ്പിക്കരുത് എന്നും, ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന രോഗസംബന്ധമായ വിവരങ്ങൾ മാത്രമേ കണക്കിലെടുക്കാവു എന്നും ഡോ. റാൻഡ് കൂട്ടിച്ചേർത്തു.