യു എ ഇ: ദുബായിലെ ഇന്ത്യൻ വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചു

GCC News

ദുബായിലെ ഇന്ത്യൻ സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് Covid-19 സ്ഥിരീകരിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. വിദേശയാത്ര കഴിഞ്ഞു മടങ്ങിയ രക്ഷിതാവിൽ നിന്നാണ് ഈ വിദ്യാർത്ഥിക്ക് രോഗം ബാധിച്ചത്. നിലവിൽ വിദ്യാർത്ഥിയെയും രക്ഷിതാവിനെയും ഹോസ്പിറ്റലിൽ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളെയും സൂക്ഷ്മപരിശോധനകൾക്കായി ക്വാറന്റീൻ ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി ഈ സ്‌കൂളിന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഈ വിദ്യാർത്ഥിയുമായി ഇടപഴകേണ്ടി വന്ന മറ്റു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂൾ ജീവനക്കാരെയും ആരോഗ്യ സുരക്ഷാ പരിശോധനാ നടപടികൾക്ക് വിധേയരാക്കി വരികയാണ്. ഈ സ്‌കൂളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും രോഗബാധ പ്രതിരോധിക്കാനുമുള്ള കർശന നടപടികൾ DHA കൈക്കൊണ്ടിട്ടുണ്ട്.

നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്നെടുത്ത തീരുമാനത്തിൽ മാർച്ച് 5, വ്യഴാഴ്ച്ച മുതൽ ഈ സ്‌കൂളിനു അവധിനൽകിയിട്ടുണ്ട്. സ്‌കൂളും പരിസരവും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് അണുവിമുക്തമാക്കുന്നതിനും ശുചീകരിക്കുതിനുമുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ആരോഗ്യസുരക്ഷാ മന്ത്രാലയവുമായി ചേർന്ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്കനുസൃതമായുള്ള രോഗപ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തിയതായും DHA അറിയിച്ചു.