യു എ ഇ – നഴ്‌സറികൾക്ക് മാർച്ച് 1 മുതൽ അവധി

GCC News

Covid-19 പടരുന്നത് തടയാനുള്ള പ്രതിരോധനടപടികളുടെ ഭാഗമായി യു എ ഇയിലെ നഴ്‌സറികൾക്കും കിന്റർഗാർഡനുകൾക്കും മാർച്ച് 1 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച യു എ ഇ വിദ്യാഭ്യാസ മന്ത്രി ഹുസ്സയിൻ അൽ ഹമ്മദിയും ആരോഗ്യ സുരക്ഷാ മന്ത്രി അബ്ദുൽ റഹ്മാൻ നിൻ മുഹമ്മദ് അൽ ഒവൈസും ചേർന്ന് നടത്തിയ രാജ്യത്തെ കൊറോണാ ബാധയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച പത്രസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.

വളരെ ചെറിയ കുട്ടികളിൽ രോഗബാധയുമാകുന്നത് തടയുന്നതിനാണ് രണ്ടാഴ്ച്ചത്തേയ്ക്ക് നഴ്‌സറികൾ അടച്ചത്. നേരത്തെ വിദ്യാർത്ഥികൾക്കിടയിലും മറ്റുള്ളവർക്കിടയിലും Covid-19 ബാധയ്‌ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്കുള്ള കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികളോ അധ്യാപകരോ കൂട്ടായി ഒത്തുകൂടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്ന എല്ലാ പഠനയാത്രകളും, സ്‌കൂൾ സമ്മേളനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ പോലുള്ള പരിപാടികളും ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കലാ, കായിക മേളകൾ പോലുള്ള കുട്ടികൾ ഒത്തു കൂടുന്ന പരിപാടികളും പഠനയാത്രകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്കിയിട്ടുണ്ട്.

സഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരുന്നതായും വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും അവരുടെ രോഗം ഭേദമാകുന്നതുവരെ വീടുകളിൽ തുടരുന്നത് ഉറപ്പാക്കാനും വിദ്യാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *