സഞ്ചാരികളുടെ എണ്ണത്തിൽ റാസൽ ഖൈമ 2019-ൽ 4% വളർച്ച രേഖപ്പെടുത്തി

Business

കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റാസൽ ഖൈമ 4% വളർച്ച രേഖപ്പെടുത്തിയതായി റാസൽ ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (RAKTDA) പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 2019-ൽ 1.12 ദശലക്ഷം സഞ്ചാരികളാണ് റാസൽ ഖൈമയിലെത്തിയത്. കഴിഞ്ഞ വർഷം സംഘടിപ്പിച്ച ജബൽ ജൈസ് സിപ് ലൈൻ, റാസൽ ഖൈമ ചിത്രകലാ പ്രദർശനം, റാസൽ ഖൈമ ഹാഫ് മാരത്തോൺ മുതലായ സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികളാണ് ഈ വർദ്ധനവിന് കാരണം.

മേഖലയിലെ ഹോട്ടലുകളിൽ ലഭ്യമായ ഓരോ മുറികളിൽ നിന്നുള്ള വരുമാനം (revenue per available room) $114.90 രേഖപ്പെടുത്തിയതായും, വാർഷിക കണക്കിൽ ശരാശരി 74 ശതമാനം ദിനങ്ങളിലും മുറികൾ വാടകയ്ക്ക് പോകുന്നതായും ടൂറിസം ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

2021-ഓടെ 1.5 ദശലക്ഷം സഞ്ചാരികളെയാണ് റാസൽ ഖൈമ ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനിടെ ഇപ്പോൾ മേഖലയിലെ ഹോട്ടലുകളിൽ നിലവിലുള്ള 6,499 മുറികളുടെ കൂടെ 6,200 മുറികൾ കൂടി സഞ്ചാരികളുടെ താമസസൗകര്യങ്ങൾക്കായി ഒരുക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.