Covid-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യ നേരത്തെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉംറ തീർത്ഥാടനത്തിനുണ്ടായിരുന്ന വിലക്ക് സ്വദേശികൾക്ക് കൂടി ബാധകമാക്കി. ഉംറ തീർത്ഥാടനത്തിനുള്ള അനുമതി താത്ക്കാലികമായി സൗദി പൗരന്മാർക്കും സൗദിയിലെ പ്രവാസികൾക്കും ഉൾപ്പടെ എല്ലാവർക്കും നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊറോണാ വൈറസ് ഗൾഫ് രാജ്യങ്ങളിൽ പടരുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച്ച സൗദി അറേബ്യ വിദേശ പൗരമാർക്കുള്ള ഉംറ വിസ റദ്ദാക്കുകയും, 6 GCC രാജ്യങ്ങളിലെ പൗരന്മാർ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. നിലവിൽ GCC രാജ്യങ്ങളുൾപ്പടെ എല്ലാ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള യാത്രികർക്ക് വിമാനത്താവളങ്ങളിൽ പാസ്സ്‌പോർട്ട് നിർബദ്ധമാക്കിയിട്ടുണ്ട്.
ഇതിനിടെ സൗദിയിൽ നിന്ന് രണ്ടാമതൊരാൾക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച്ച രാവിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.