അബുദാബി: പതിമൂന്നാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ 2022 മാർച്ച് 17 മുതൽ

UAE

പതിമൂന്നാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ ഇന്ന് (2022 മാർച്ച് 17) ആരംഭിക്കും. അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ കാർമികത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. അൽ ദഫ്‌റ, അൽ മിർഫ സിറ്റിയിലെ അൽ മുഖിരാഹ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ മേള മാർച്ച് 17 മുതൽ മാർച്ച് 26 വരെ നീണ്ട് നിൽക്കുന്നതാണ്.

“യു എ ഇയുടെ നാവിക പൈതൃകം, സംസ്കാരം എന്നിവയുടെ പ്രചാരണത്തിൽ അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ ഒരു മുഖ്യ പങ്ക് വഹിക്കുന്നു. അടുത്ത തലമുറയിലേക്ക് എമിറാത്തി സാംസ്‌കാരിക പൈതൃകം, പരിസ്ഥിതി സംബന്ധമായ സംസ്കാരം എന്നിവ കൈമാറുന്നതിനും, നമ്മുടെ ദേശീയ സത്വം, പൈതൃകം എന്നിവ കാത്ത് സൂക്ഷിക്കുന്നതിനും ഈ മേള അവസരമൊരുക്കുന്നു.”, കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്ടിവൽസ് കമ്മിറ്റി ചെയർമാനും, അബുദാബി പോലീസ് കമാണ്ടർ ഇൻ ചീഫുമായ മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂഇ ചൂണ്ടിക്കാട്ടി.

ഇത്തരം മേളകൾ പുതിയ തലമുറയെ അവരുടെ പൂര്‍വ്വികരുടെ തൊഴിലുകളെ പരിചയപ്പെടുത്തുന്നതിനും, അവ പിന്തുടരുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം യു എ ഇ പൗരമാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും യു എ ഇയുടെ സമുദ്രമേഖലകളുമായി ബന്ധപ്പെട്ട പൈതൃകത്തെ പരിചയപ്പെടുത്താനും ഈ മേള അവസരമൊരുക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവൽ അൽ ദഫ്‌റ മേഖലയുടെ സമുദ്ര തീരങ്ങളുടെ വശ്യമായ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നു. അൽ ദഫ്‌റ മേഖലയെ അടുത്തറിയുന്നതിനും, ഈ മേഖലയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഈ മേള അവസരമൊരുക്കുന്നു.”, ഫെസ്റ്റിവൽസ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് പ്രോഗ്രാംസ് മാനേജ്‍മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഈസാ സൈഫ് അൽ മസ്‌റൂഇ അറിയിച്ചു.

പതിമൂന്നാമത് അൽ ദഫ്‌റ വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി മത്സരങ്ങൾ, വിനോദപരിപാടികൾ, പഠനസംബന്ധിയായ പരിപാടികൾ, മത്സരക്കളികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്. എമിറാത്തി സംസ്കാരത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരമ്പരാഗത മത്സര ഇനങ്ങൾ മേളയുടെ പ്രത്യേകതയാണ്. അബുദാബി ഫോക്‌ലോർ ട്രൂപ് അവതരിപ്പിക്കുന്ന പരിപാടികൾ, സംഗീത പരിപാടികൾ, കരിമരുന്ന് കാഴ്ച്ചകൾ, ഭക്ഷണശാലകൾ തുടങ്ങിയവയും ഈ മേളയുടെ ഭാഗമാണ്.

WAM