യു എ ഇ: പതിനാലാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു

featured GCC News

അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് 2023 നവംബർ 19, ഞായറാഴ്ച ആരംഭിച്ചു. അൽ ഐനിലെ ഒമ്പത് പ്രധാന ഇടങ്ങളിലായാണ് ഈ പുസ്തകമേള നടത്തുന്നത്.

പതിനാലാമത് അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2023 നവംബർ 19 മുതൽ നവംബർ 25 വരെയാണ് സംഘടിപ്പിക്കുന്നത്. ഇത്തവണത്തെ അൽ ഐൻ പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് നാനൂറിലധികം പരിപാടികൾ അരങ്ങേറുന്നതാണ്.

‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള ഒരുക്കുന്നത്. നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും മേളയുടെ ഭാഗമാണ്.

പതിനാലാമത് അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ താഴെ പറയുന്ന ഇടങ്ങളിലായാണ് നടത്തുന്നത്:

  • അൽ ഐൻ സ്‌ക്വയർ, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം.
  • സായിദ് സെൻട്രൽ ലൈബ്രറി.
  • ഖസ്ർ അൽ മുവൈജി.
  • ബൈത് മുഹമ്മദ് ബിൻ ഖലീഫ.
  • യു എ ഇ യൂണിവേഴ്സിറ്റി
  • അൽ ഖത്തറ ആർട്സ് സെന്റർ.
  • അൽ ഐൻ മാൾ.
  • ബരാരി മാൾ.
  • അൽ ഫൊഅഹ് മാൾ.

150-ൽ പരം പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് അറുപത്തിനായിരത്തിലധികം വ്യത്യസ്‌ത പുസ്തകങ്ങളാണ് ഈ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിരത എന്ന ആശയത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് ഈ വർഷം അൽ ഐൻ പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT), അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ (AABF) എന്ന പേരിലാണ് നടത്തുന്നത്.