റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 15 ദശലക്ഷം കടന്നു

GCC News

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനഞ്ച് ദശലക്ഷം പിന്നിട്ടു. 2022 മാർച്ച് 27-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവേകുന്നതിൽ കഴിഞ്ഞ ഏതാനം മാസങ്ങളായി റിയാദ് സീസൺ പ്രധാന പങ്ക് വഹിക്കുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ.

Source: Saudi Press Agency.

ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. റിയാദ് സീസണിന്റെ എല്ലാ വിനോദ മേഖലകളിലും വലിയ രീതിയിലുള്ള ജനപങ്കാളിത്തം ദൃശ്യമാണ്. എല്ലാ പ്രായവിഭാഗത്തിലുള്ളവർക്കും ആസ്വദിക്കാനാകുന്ന വൈവിധ്യമാർന്ന വിനോദപരിപാടികളാണ് റിയാദ് സീസണിന്റെ പ്രത്യേകത. കല, സാങ്കേതികവിദ്യ, വിനോദം, ആഭരണങ്ങള്‍, സുഗന്ധദ്രവ്യങ്ങൾ മുതലായവയെ പരിചയപ്പെടുത്തുന്ന നിരവധി പ്രദർശനങ്ങൾ റിയാദ് സീസണിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Source: Saudi Press Agency.

2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്. 7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഇത്തവണത്തെ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്. ഇതിൽ 70 അറബ് സംഗീത പരിപാടികൾ, ആഗോള തലത്തിലുള്ള 6 സംഗീത പരിപാടികൾ, പത്തോളം അന്താരാഷ്ട്ര പ്രദർശനങ്ങൾ, 350-ലധികം നാടകപ്രദർശനങ്ങൾ മുതലായവ ഉൾപ്പെടുന്നു.

ഭക്ഷണപ്രിയർക്കായി രുചി വൈവിധ്യങ്ങളുമായി ഏറ്റവും മികച്ച ഭക്ഷണശാലകൾ റിയാദ് സീസണിൽ പങ്കെടുക്കുന്നു. ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് അവസാനം വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്.

Cover Image: Saudi Press Agency.