യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 107 രാജ്യങ്ങളിൽ നിന്നുള്ള 15000 സന്നദ്ധസേവകർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി 15000 സന്നദ്ധസേവകരിൽ വാക്സിൻ പരീക്ഷിക്കുക എന്ന ലക്ഷ്യം ഈ പദ്ധതി ആരംഭിച്ച് ഒരു മാസത്തിൽ താഴെ സമയം കൊണ്ട് ഇതോടെ കൈവരിക്കാനായി. കൊറോണാ വൈറസിനെതിരായ സുരക്ഷിതമായ വാക്സിൻ നിർമ്മിക്കുന്നതിലേക്കുള്ള പ്രയാണത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ നേട്ടം.
10500 വിദേശികൾ, 4500 എമിറാത്തി പൗരന്മാർ എന്നിവർക്കാണ് വാക്സിൻ നൽകിയത്. ഈ പ്രവർത്തനങ്ങളിൽ 140-ൽ പരം ഡോക്ടർമാരും, 300-ഓളം നഴ്സുമാരും പങ്കാളികളായി. 107 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായി എന്നത് യു എ ഇയുടെ നരവംശപരമായ വൈവിധ്യം, ഈ പരീക്ഷണങ്ങളോടുള്ള രാജ്യവ്യാപകമായ പിന്തുണ എന്നിവ വെളിപ്പെടുത്തുന്നു. വരും ആഴ്ചകളിൽ ഈ സന്നദ്ധസേവകർക്ക് വാക്സിനിന്റെ രണ്ടാം ഘട്ട കുത്തിവെപ്പ് നൽകും.
യു എ ഇ ആരോഗ്യ മന്ത്രാലയം, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH), അബുദാബി ഹെൽത്ത് സർവീസസ് (SEHA), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ഈ പരീക്ഷണങ്ങൾ അബുദാബിയിൽ ജൂലൈ 16-നാണ് ആരംഭിച്ചത്. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായുള്ള ആദ്യ സന്നദ്ധസേവകരായി, DoH ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, DoH ആക്ടിംഗ് സെക്രട്ടറി ഡോ. ജമാൽ അൽ കാബി തുടങ്ങിയവർ ജൂലൈ 16-നു വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. ഇരുവർക്കും ഓഗസ്റ്റ് അഞ്ചിന് വാക്സിനുകളുടെ രണ്ടാം ഘട്ട കുത്തിവയ്പ്പ് നൽകുകയുണ്ടായി.
സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി https://4humanity.ae/ എന്ന വെബ്സൈറ്റ്, ജൂലൈ 16-നു പ്രവർത്തനമാരംഭിച്ചിരുന്നു. ഈ വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ച് 24 മണിക്കൂറിനുള്ളിൽ, 5000 പേരാണ് ഇതിലൂടെ സന്നദ്ധത അറിയിച്ചത്.
ഇതിനെത്തുടർന്ന് വാക്സിൻ പരീക്ഷണങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായി, അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വോക് ഇൻ സംവിധാനത്തോട് കൂടിയ കേന്ദ്രവും, ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിൽ, അബുദാബിക്ക് പുറത്തുള്ള ആദ്യത്തെ ഇത്തരം കേന്ദ്രവും പ്രവർത്തനമാരംഭിച്ചിരുന്നു.
ഓഗസ്റ്റ് 6-വരെ 5000 സന്നദ്ധസേവകർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.