യുഎഇ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; വാർഷിക എമിറേറ്റൈസേഷൻ സമയപരിധി ഡിസംബർ 31 വരെ

featured GCC News

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2023 ഡിസംബർ 18-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഈ അറിയിപ്പ് പ്രകാരം ഇത്തരം സ്വകാര്യ മേഖലാ കമ്പനികളിലെ വിദഗ്ധ പദവികളിൽ 2% സ്വദേശിവത്കരണം എന്ന വാർഷിക ലക്‌ഷ്യം നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കുന്നതാണ്. ഇത് നടപ്പിലാക്കാത്ത കമ്പനികൾക്ക് പിഴ ബാധകമാകുമെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വാർഷികാടിസ്ഥാനത്തിൽ 2 ശതമാനമെന്ന രീതിയിൽ (ഓരോ ആറ് മാസത്തെ കാലയളവിലും 1% വെച്ച്) ഉയർത്തുന്നത് സംബന്ധിച്ച് കൈക്കൊണ്ടിട്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.

ഇതുവരെയായി ഈ ലക്ഷ്യങ്ങൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് നാഫിസ് സംവിധാനത്തിലൂടെ എമിറാത്തി ജീവനക്കാരെ കണ്ടെത്താവുന്നതാണെന്ന് MoHRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി എമിറാത്തി ജീവനക്കാരെ നിയമിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും, എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ ഒഴിവാക്കുന്നതിനായുള്ള നിയമപരമല്ലാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടികൾ കർശനമാക്കുമെന്ന് MoHRE മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.