കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് യു എ ഇ

GCC News

കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്ക്ക് യു എ ഇ 2024 ഏപ്രിൽ 16-ന് സാക്ഷ്യം വഹിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടയിൽ യു എ ഇയിൽ പെയ്ത, കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് 2024 ഏപ്രിൽ 16-ന് രാജ്യത്ത് ലഭിച്ചത്. 1949 മുതൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ പ്രകാരമാണിത്.

2024 ഏപ്രിൽ 16, ചൊവ്വാഴ്ച രാത്രി 9 മണിവരെ രേഖപ്പെടുത്തിയിട്ടുള്ള മഴ യു എ ഇയുടെ കാലാവസ്ഥാ ചരിത്രത്തിൽ ഒരു അസാധാരണമായ സംഭവമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ കൂടുതൽ ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഈ കാലയളവിൽ അൽ ഐനിലെ ഖതം അൽ ശഖല പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.