ദുബായ്: ഇരുപത്തിനാലാമത് എയർപോർട്ട് ഷോ ആരംഭിച്ചു

GCC News

ഇരുപത്തിനാലാമത് എയർപോർട്ട് ഷോ 2025 മെയ് 6-ന് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്സ് ചെയർമാനും, എമിരേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂമാണ് ഇരുപത്തിനാലാമത് എയർപോർട്ട് ഷോ ഉദ്ഘാടനം ചെയ്തത്.

ഇരുപത്തിനാലാമത് എയർപോർട്ട് ഷോ 2025 മെയ് 6 മുതൽ മെയ് 8 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് നടക്കുന്നത്. എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ.

22 രാജ്യങ്ങളിൽ നിന്നുള്ള 130-ൽ പരം അന്താരാഷ്‌ട്ര പ്രദർശകർ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നതാണ്. വിമാനത്താവള കമ്പനികൾ, വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥർ, വ്യോമയാനമേഖലയിലെ സേവനദാതാക്കൾ തുടങ്ങിയവർ ഈ പ്രദർശനത്തിൽ പങ്കെടുക്കും.