ഇറാഖിലെ ബസ്രയിൽ വെച്ച് നടക്കുന്ന ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. 2023 ജനുവരി 6-ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് H.E. ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ താനി ടൂർണമെന്റ്റ് ഉദ്ഘാടനം ചെയ്തു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡണ്ട് H.E. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്‌മദ് അൽ താനി എന്നിവർ ജനുവരി 6-ന് വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി ബസ്രയുടെയും, ഇറാഖിന്റെയും ചരിത്രം അവതരിപ്പിക്കുന്ന ലൈറ്റ് ഷോ, ഇറാഖി കലാകാരൻമാർ അണിനിരന്ന കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗൾഫ് രാജ്യങ്ങൾക്കിടയിലെ യോജിപ്പ് എടുത്ത് കാട്ടുന്ന രീതിയിലുള്ള പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
2023 ജനുവരി 6 മുതൽ 19 വരെയാണ് ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ബസ്ര നഗരത്തിലെ രണ്ട് വേദികളിലായി നടക്കുന്ന ഈ ടൂർണമെന്റിൽ അറേബ്യൻ ഗൾഫ് മേഖലയിലെ 8 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 2021 ഡിസംബറിൽ നടക്കാനിരുന്ന ഇരുപത്തഞ്ചാമത് ഗൾഫ് കപ്പ് 2023 ജനുവരിയിലേക്ക് നീട്ടുകയായിരുന്നു.
ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യു എ ഇ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, യെമൻ എന്നീ രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ടൂർണമെന്റ് 2019-ലാണ് അവസാനമായി നടന്നത്.
ബഹ്‌റൈനാണ് നിലവിലെ ജേതാക്കൾ. ഖത്തറിൽ വെച്ച് 2019-ൽ നടന്ന ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജപ്പെടുത്തിയ ബഹ്‌റൈൻ തങ്ങളുടെ കന്നി ഗൾഫ് കപ്പ് ഫുട്ബാൾ കിരീടം നേടുകയായിരുന്നു.
With inputs from Qatar News Agency. Photos: Qatar News Agency.