ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കും

Oman

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നവംബർ 29-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ഫെബ്രുവരി 23 മുതൽ മാർച്ച് 5 വരെയാണ് ഇരുപത്താറാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നതെന്ന് ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രിയും, മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ചെയർമാനുമായ H.E. ഡോ. അബ്ദുല്ല ബിൻ നാസ്സർ അൽ ഹരസി അറിയിച്ചു. സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.