മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത് സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും. ഇത്തവണത്തെ DSF-ന്റെ കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ഡിസംബർ 8-ന് ഒരു പ്രത്യേക പത്രസമ്മേളനം സംഘടിപ്പിച്ചിരുന്നു.
ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന DSF-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി DFRE സി ഇ ഓ അഹ്‌മദ് അൽ ഖാജ ഈ പത്രസമ്മേളത്തിൽ അറിയിച്ചു.

ഏഴ് ആഴ്ച്ച നീണ്ട് നിൽക്കുന്ന ഈ ഷോപ്പിംഗ് മഹോത്സവം സന്ദർശകർക്കായി മറക്കാനാകാത്ത അനുഭവങ്ങളും, കലാവിരുന്നുകളും, വിനോദങ്ങളും കരുതിവെക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന DSF-ന്റെ ഇരുപത്തെട്ടാമത് സീസൺ ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെയാണ് സംഘടിപ്പിക്കുന്നത്. 46 ദിവസം നീണ്ട് നിൽക്കുന്ന DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു. DSF മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.

DSF-ന്റെ ഇരുപത്തെട്ടാമത് സീസണുമായി ബന്ധപ്പെട്ട് ദുബായിലെ മാളുകളിലും, വ്യാപാരശാലകളിലും ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കിഴിവുകൾ ലഭിക്കുന്നതാണ്. ഇതിനൊപ്പം ഡ്രോൺ ഷോകൾ, വെടിക്കെട്ടുകൾ, നഗരത്തിലുടനീളം ഒരുക്കുന്ന പ്രത്യേക അലങ്കാരക്കാഴ്ച്ചകൾ, ആഘോഷങ്ങൾ എന്നിവ ആസ്വദിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവസരം ലഭിക്കുന്നു.
DSF-ന്റെ ഭാഗമായി എണ്ണൂറിലധികം ബ്രാൻഡുകളും, മൂവ്വായിരത്തിഅഞ്ഞൂറിലധികം വ്യാപാരശാലകളും 25 മുതൽ 75 ശതമാനം വരെ വിലക്കിഴിവ് നൽകുന്നതാണ്. ഉപഭോക്താക്കളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള സമ്മാനങ്ങളുടെയും, സാധ്യതകളുടെയും കലവറ കൂടിയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ.
ഇരുപത്തെട്ടാമത് സീസണിന്റെ ഭാഗമായി ഇതാദ്യമായി ദുബായ് 80’s പോപ്പ് അപ്പ്, COREUNITY ഫെസ്റ്റിവൽ, ഹത്തയിൽ ഒരുക്കുന്ന കമ്മ്യൂണിറ്റി വെൽനസ്സ് വീക്കെൻഡ് മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങുന്നതിന് അവസരം ലഭിക്കുന്നതിനൊപ്പം തത്സമയ സംഗീതമേളകൾ, കുടുംബത്തിന് ഒത്തൊരുമിച്ച് പങ്കെടുക്കാവുന്ന കലാപ്രദർശനങ്ങൾ, ഔട്ട്ഡോർ മാർക്കറ്റുകൾ, ഓപ്പൺ എയർ ഡൈനിങ്ങ് തുടങ്ങിയ നിരവധി അനുഭവങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കുന്നതിനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു.
DSF ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിസംബർ 15-ന് രാത്രി 9 മണിക്ക് ദുബായിൽ ദി ബീച്ച്, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, ദുബായ് ക്രീക്ക്, അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ എന്നിങ്ങനെ ആറ് ഇടങ്ങളിൽ അതിഗംഭീരമായ വെടിക്കെട്ട് സംഘടിപ്പിക്കുന്നതാണ്. ഇതിന് പുറമെ DSF-ന്റെ ഭാഗമായി ഡിസംബർ 16 മുതൽ 2023 ജനുവരി 29 വരെ ദിനവും രാത്രി (8.30 അല്ലെങ്കിൽ 9 മണിക്ക്) ബുർജ് അൽ അറബ്, ബ്ലൂവാട്ടേഴ്സ്, ദുബായ് ഫ്രെയിം, ദുബായ് ക്രീക്ക്, അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, JBR എന്നിവിടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ ഒരുക്കുന്നതാണ്.
ജുമേയ്‌റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ പ്രത്യേക DSF ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ദിനവും രാത്രി 7 മണിക്കും, 10 മണിക്കുമാണ് ഈ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. പുതുവർഷരാവിൽ രാത്രി 8 മണിക്കും, 11 മണിക്കുമാണ് ഈ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.