സൗത്ത് അൽ ബതീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നടത്തി വന്നിരുന്ന പുരാവസ്‌തു ഉൽഖനനപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം പൂർത്തിയാക്കിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി അറിയിച്ചു. 2023 ഫെബ്രുവരി 13-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റുസ്താഖിലെ അൽ ടെഖ ആർക്കിയോളജിക്കൽ സൈറ്റിൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പുരാവസ്തു വിഭാഗവും, ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പിസയിൽ നിന്നുള്ള വിദഗ്ധരുടെ സംഘവുമാണ് ഉൽഖനനപ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്.
ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായി ഈ മേഖലയിലുണ്ടായിരുന്ന ഒരു അധിവസിതപ്രദേശത്ത് നിന്ന് ചെറിയ ഒരു ദേവാലയത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടുത്തെ നിവാസികൾക്കിടയിൽ മതാധിഷ്‌ഠിതമായ വിശ്വാസങ്ങൾ നിലനിന്നിരുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഈ ദേവാലയത്തിന്റെ പുറംഭാഗത്തായി കല്ലിൽ തീർത്ത വൃത്താകൃതിയിലുള്ള പുറന്തിണ്ണകൾ, പടിഞ്ഞാറ് ഭാഗത്തായി വൃത്താകാരമായ ഒരു കെട്ടിടം എന്നിവ നിലനിന്നിരുന്നു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അൽ ടെഖ ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളുടെ ഭാഗമായി നാലായിരത്തി അഞ്ഞൂറോളം വർഷം പഴക്കമുള്ള, വളരെ വലിയ ഒരു ജനവാസകേന്ദ്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. അൽ ബതീന ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയ ആദ്യത്തെ ഇത്തരം ചരിത്ര അവശേഷിപ്പാണിത്.
പ്രാചീന കാലഘട്ടത്തിൽ നിന്നുള്ള വലുതും, ചെറുതുമായ നിരവധി പാർപ്പിട ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, കല്ല്, ചുടുകട്ട എന്നിവ കൊണ്ട് നിർമ്മിച്ചിട്ടുള്ള നാല് വലിയ ഗോപുരങ്ങളുടെ അവശേഷിപ്പുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ ഉൽഖനനപ്രവർത്തനങ്ങളിൽ രണ്ട് പ്രാചീന ശ്മശാനങ്ങളും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിരുന്നു. നിർമ്മിച്ച് ഏതാണ്ട് രണ്ടായിരത്തോളം വർഷങ്ങൾക്ക് ശേഷം ഇവ നശിപ്പിക്കപ്പെട്ടതായും, പിന്നീട് ഇവ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിപ്പിക്കപ്പെട്ടു എന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രാചീന വെങ്കലയുഗത്തിന്റെ (ബി സി മൂവായിരം കാലഘട്ടം) പ്രാരംഭഘട്ടം മുതൽ തന്നെ ഈ മേഖലയിൽ ജനങ്ങൾ അധിവസിച്ചിരുന്നതായി ഈ ഉല്‍ഖനനപ്രവർത്തനങ്ങളിൽ നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒമാൻ ഉപദ്വീപുകളിൽ വളരെയധികം അഭിവൃദ്ധിയോടെ നിലനിന്നിരുന്ന ഉം അൻനാർ സംസ്കാരത്തിന്റെ ഭാഗമായുള്ള ജനങ്ങളുടെ താമസമേഖലകളിലൊന്നിന്റെ അവശേഷിപ്പുകളാണിതെന്നാണ് കരുതുന്നത്.
ഈ മേഖലയിലെ നിവാസികൾക്ക് ഹാരപ്പൻ നാഗരികത ഉൾപ്പടെയുള്ള വിദേശ നാഗരികതകളുമായി ഉണ്ടായിരുന്നതായി കരുതുന്ന വാണിജ്യ ബന്ധങ്ങൾക്ക് അടിവരയിടുന്ന നിരവധി തെളിവുകളും, ചരിത്ര അവശേഷിപ്പുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് കണ്ടെത്തിയ ഉടഞ്ഞ മണ്‍പാത്രങ്ങൾ, മറ്റു പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ കണ്ടെത്തലുകൾ എന്നിവ ഈ മേഖലയ്ക്ക് ഹാരപ്പൻ നാഗരികത, മെസോപ്പൊട്ടാമിയൻ നാഗരികത തുടങ്ങിയ സമീപപ്രദേശങ്ങളിലെ സംസ്കാരങ്ങളുമായി നിലനിന്നിരുന്ന അടുത്ത വാണിജ്യ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
Cover Image: Oman News Agency.