ദുബായ്: ലോക പോലീസ് ഉച്ചകോടി സമാപിച്ചു

GCC News

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 9-ന് സമാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മൂന്ന് ദിവസം നീണ്ട് നിന്ന ഈ ഉച്ചകോടിയിൽ പോലീസിലെയും നിയമപാലകരിലെയും 200-ലധികം വിദഗ്ധരുടെ സാന്നിധ്യത്തിൽ ചര്‍ച്ചായോഗങ്ങളും, വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. മയക്കുമരുന്ന് തടയുന്നതിനായുള്ള അന്തർദേശീയ തലത്തിലുള്ള സഹകരണത്തിന്റെ ഫലങ്ങളെക്കുറിച്ച് ഈ ഉച്ചകോടി ചർച്ച ചെയ്തു.

ഉച്ചകോടിയുടെ മൂന്നാം ദിവസം നടന്ന മയക്കുമരുന്നിന് എതിരായ ശ്രമങ്ങളെക്കുറിച്ചുള്ള സംവാദങ്ങളിൽ ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പങ്കെടുത്തു. മയക്കുമരുന്നുപയോഗിക്കുന്ന ശീലങ്ങളെക്കുറിച്ച് അമേരിക്കയിലെ ബക്ക്നെൽ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രഫസർ ജൂഡിത് ഗ്രിസിൽ നയിച്ച പ്രത്യേക പ്രഭാഷണത്തിലും അദ്ദേഹം പങ്കെടുത്തു. വ്യക്തികൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയുന്നതിനെക്കുറിച്ചും, ഇത്തരം ലഹരികളിൽ ആസക്തരാകുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇത്തരം ആസക്തികൾ ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ചും ജൂഡിത് ഗ്രിസിൽ ഈ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

ഉച്ചകോടിയുടെ ഭാഗമായി നടന്ന ആന്റി-നാർക്കോട്ടിക് സമ്മേളനത്തിൽ, യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മയക്കുമരുന്നിന് എതിരായ ശ്രമങ്ങളെക്കുറിച്ച്, ദുബായ് പോലീസ് ആന്റി-നാർക്കോട്ടിക് വിഭാഗം ഡയറക്ടറും, യു എ ഇ നാഷണൽ കമ്മിറ്റി ഫോർ കോംബാറ്റിംഗ് ഡ്രഗ് ട്രാഫിക്കിങ്ങ് ചെയർമാനുമായ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹരേബ് വിശദീകരിച്ചു. ഇതിന്റെ ഭാഗമായി 2018 മുതൽ 2021 വരെയുള്ള കാലയളവിൽ 55 രാജ്യങ്ങളുമായി യു എ ഇ സഹകരിച്ച് പ്രവർത്തിച്ചതായും, രഹസ്യ വിവരങ്ങളടങ്ങിയ 4612 രേഖകൾ ഈ രാജ്യങ്ങൾക്ക് കൈമാറിയതായും, ഇതിന്റെ ഫലമായി 549 പേരെ അറസ്റ്റ് ചെയ്തതായും, 380.309 ടൺ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2012 മുതൽ 2022 വരെ മയക്കുമരുന്ന് വിൽപ്പനക്കാരുടെ അറസ്റ്റിന്റെ തോതിൽ വർദ്ധനയുണ്ടായെന്നും 2012 മുതൽ 2016 വരെ ലഹരി വസ്തുക്കളുടെ പിടിച്ചെടുക്കൽ 19.5 ശതമാനം ഉയർന്നതായും ബ്രിഗേഡിയർ ഹരേബ് പറഞ്ഞു. 2021-ൽ ഇത് 216.7 ശതമാനം വർധിച്ചതായും, 2022-ൽ ഇത് 29.6 ശതമാനം വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dubai Media Office.

ക്രൈം പ്രിവൻഷൻ, ആന്റി നാർക്കോട്ടിക്സ്, ഫോറൻസിക് സയൻസ്, ഡ്രോണുകൾ, കെ 9 തുടങ്ങി ഏറ്റവും നൂതനമായ വിവിധ പോലീസ് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ആറ് വ്യത്യസ്ത കോൺഫറൻസുകൾ മൂന്ന് ദിവസത്തെ ലോക പോലീസ് ഉച്ചകോടിയുടെ ഭാഗമായി നടത്തി.

2023 മാർച്ച് 7, ചൊവ്വാഴ്ചയാണ് ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചത്. നിലവിൽ പോലീസ് സേനകൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച സമഗ്രപഠനങ്ങൾ നടത്തുന്നതിനും, നിയമപാലനമേഖലയിലും, സുരക്ഷാ മേഖലയിലുമുള്ള ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും തന്ത്രങ്ങളും നൂതനത്വങ്ങളും പരിചയപ്പെടുന്നതിനും സമാനതകളില്ലാത്ത പ്ലാറ്റ്‌ഫോമാണ് ലോക പോലീസ് ഉച്ചകോടി.

WAM