മുപ്പതാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2021 മെയ് 23, ഞായറാഴ്ച്ച മുതൽ മെയ് 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ച് സംഘടിപ്പിക്കുന്നതാണ്. COVID-19 പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ നിബന്ധനകളോടെയാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 46 രാജ്യങ്ങളിൽ നിന്നായി 800-ൽ പരം പ്രദര്‍ശകർ പങ്കെടുക്കുന്നുണ്ട്. ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന മേളയുടെ ഭാഗമായി 100-ൽ പരം പ്രത്യേക സംവാദങ്ങളും, പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പല പരിപാടികളും വിർച്യുൽ രീതിയിലാണ് സംഘടിപ്പിക്കുന്നത്. ഈ ബുക്ക് മേളയുമായി ബന്ധപ്പെട്ട വിർച്യുൽ പരിപാടികൾ https://adbookfair.com/en/adibf/Virtual%20Book%20Fair എന്ന വിലാസത്തിലൂടെ ലഭ്യമാണ്.
സന്ദർശകർക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ദിനവും രാവിലെ 9 മുതൽ രാത്രി 10 വരെയാണ് (വെള്ളിയാഴ്ച്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെ) മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
മേള സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള മുൻകൂർ രജിസ്‌ട്രേഷൻ https://adbookfair.com/en എന്ന വിലാസത്തിലൂടെയോ, ‘AbuDhabiBookFair’ ആപ്പിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
മേളയിൽ പങ്കെടുക്കുന്ന മുഴുവൻ സന്ദർശകരും താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:
- മുഴുവൻ സന്ദർശകർക്കും മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. https://adbookfair.com/en എന്ന വിലാസത്തിലൂടെയോ, ‘AbuDhabiBookFair’ ആപ്പിലൂടെയോ ഈ രെജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
- പതിനേഴോ, അതിനു മുകളിലോ പ്രായമുള്ളവർക്ക് മാത്രമാണ് മേളയിലേക്ക് പ്രവേശനം നൽകുന്നത്. പൂർണ്ണമായും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം. ഇവർ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയിരിക്കണം. ഇവർ വാക്സിൻ സ്വീകരിച്ചതായി തെളിയിക്കുന്ന ഗോൾഡ് സ്റ്റാർ അല്ലെങ്കിൽ ‘E’ ചിഹ്നം ‘Al Hosn’ ആപ്പിൽ ഹാജരാക്കേണ്ടതാണ്.
- മുഴുവൻ സന്ദർശകരും ഫോണുകളിൽ ‘Al Hosn’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
- മേളയുടെ പ്രവേശനകവാടത്തിൽ മുഴുവൻ സന്ദർശകരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്.
- മേളയുടെ കവാടത്തിൽ സന്ദർശകരുടെ ഫോണിലുള്ള ഇലക്ട്രോണിക് ടിക്കറ്റ് സ്കാൻ ചെയ്യുന്നതാണ്.
- ഓരോ സന്ദർശകനും പരമാവധി മൂന്ന് മണിക്കൂറാണ് മേളയുടെ വേദിയിൽ അനുവദിക്കുന്നത്. മൂന്ന് മണിക്കൂർ കഴിയുന്ന അവസരത്തിൽ സന്ദർശകർ മേളയിൽ നിന്ന് പുറത്ത് ഇറങ്ങേണ്ടതാണ്.
- പരമാവധി ശേഷി ആളുകൾ എത്തുന്ന അവസരത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്ന നടപടി താത്കാലികമായി നിർത്തിവെക്കുന്നതാണ്.
- സന്ദർശകർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതും, സമൂഹ അകലം പാലിക്കേണ്ടതുമാണ്.
- രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്ന സന്ദർശകർ അക്കാര്യം ഉടൻ തന്നെ സംഘാടകരെ അറിയിക്കേണ്ടതാണ്.
ഈ വർഷത്തെ മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പ്രസാധകർക്കും ഇതിനായുള്ള ഫീസ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം പൂർണ്ണമായും ഒഴിവാക്കി നൽകിയിട്ടുണ്ട്.
Cover Image: A File Photo of Abu Dhabi International Book Fair from WAM.