ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
DSF-ന്റെ മുപ്പതാമത് സീസൺ 2024 ഡിസംബർ 6 മുതൽ 2024 ജനുവരി 12 വരെ നീണ്ട് നിൽക്കും. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റാണ് (DFRE) ഈ മേള സംഘടിപ്പിക്കുന്നത്.
മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് ഏറെ പുതുമകളോടെയാണ് സന്ദർശകർക്കായി ഒരുങ്ങുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സീസണായിരിക്കും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുപ്പതാമത് സീസൺ എന്ന് DFRE അറിയിച്ചു.
സന്ദർശകർക്കിടയിൽ ഏറെ പ്രചാരമുള്ള 321 ഫെസ്റ്റിവൽ, മാർക്കറ്റ് ഔട്ട്സൈഡ് ദി ബോക്സ് (MOTB), കാന്റീൻ X, ഡ്രോൺ ഷോ തുടങ്ങിയ ആകർഷണങ്ങൾ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.
ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങൾ നൽകുന്ന DSF ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്നു. DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവിനോപ്പം അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും ഒരുക്കുന്നു.