സൗദി അറേബ്യ: വേൾഡ് ഡിഫെൻസ് ഷോ 2026 ആരംഭിച്ചു

GCC News

വേൾഡ് ഡിഫെൻസ് ഷോയുടെ മൂന്നാമത് പതിപ്പ് 2026 ഫെബ്രുവരി 8-ന് ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാനാണ് വേൾഡ് ഡിഫെൻസ് ഷോ 2026 ഉദ്ഘാടനം ചെയ്തത്. റിയാദിൽ വെച്ചാണ് വേൾഡ് ഡിഫെൻസ് ഷോയുടെ മൂന്നാമത് പതിപ്പ് നടക്കുന്നത്.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി റോയൽ സൗദി വ്യോമസേന വിമാനങ്ങൾ നിരവധി എയറോബാറ്റിക് പ്രദർശനങ്ങൾ അവതരിപ്പിച്ചു. പ്രതിരോധ മേഖലയിലെ ഭാവി സാങ്കേതികവിദ്യകൾ ഈ ആഗോള പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.

വേൾഡ് ഡിഫെൻസ് ഷോയുടെ മൂന്നാമത് പതിപ്പ് ഫെബ്രുവരി 12 വരെ നീണ്ട് നിൽക്കും. പ്രധാന അന്താരാഷ്ട്ര, പ്രാദേശിക പ്രതിരോധ, സുരക്ഷാ കമ്പനികളുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് ഈ പ്രദർശനം നടക്കുന്നത്.

സൗദി സ്ഥാപനങ്ങളും അന്താരാഷ്ട്ര കമ്പനികളും തമ്മിലുള്ള വ്യാവസായിക, സാങ്കേതിക പങ്കാളിത്തത്തിന്റെ ആഴം വ്യക്തമാക്കുന്ന നിരവധി കരാറുകളുടെയും ധാരണാപത്രങ്ങളുടെയും പ്രഖ്യാപനം പ്രദർശനത്തിന്റെ ആദ്യ ദിവസം നടന്നു. പ്രാദേശികവൽക്കരണ മേഖലയിൽ ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (GAMI) സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനിയുമായി (SAMI) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പ്രാദേശിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ദേശീയ വിതരണ ശൃംഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണിത്. ജനറൽ ഇലക്ട്രിക്, എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് എന്നിവരുമായും GAMI കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്.