ബഹ്‌റൈൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ COVID-19 വാക്സിൻ ഉറപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുസമൂഹത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് ആരോഗ്യ മന്ത്രാലയം ഈ നടപടി ആരംഭിച്ചിട്ടുള്ളത്.

ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം https://healthalert.gov.bh/en/category/vaccine എന്ന വിലാസത്തിൽ ലഭ്യമാണെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

രാജ്യത്തെ പൗരന്മാരും, പ്രവാസികളും ഉൾപ്പടെ വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ള മുഴുവൻ പേരോടും ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാന മന്ത്രിയുമായ H.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ബഹ്‌റൈനിലെ 27 ആരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് വാക്സിനേഷൻ നടപടികൾ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിദിനം 5000 പേർക്ക് വാക്സിൻ നൽകുന്നതിനും, തുടർന്ന് ഇത് പ്രതിദിനം 10000 പേരിലേക്ക് ഉയർത്തുന്നതിനും ബഹ്‌റൈൻ ലക്ഷ്യമിടുന്നതായാണ് ലഭിക്കുന്ന വിവരം.

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷനാണ് മന്ത്രാലയം ആരംഭിച്ചിട്ടുള്ളത്. ഈ വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തീരുമാനിച്ചിരുന്നു.