നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2021 നവംബർ 3 മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2021 നവംബർ 3 മുതൽ 13 വരെ നീണ്ട് നിൽക്കുന്നതാണ്.
‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. എമിറേറ്റിന്റെ സാംസ്കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിന് നാല്പതാമത് SIBF ലക്ഷ്യം വെക്കുന്നു.
പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്. യു എ ഇയിൽനിന്നുള്ളവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ വായനക്കാരെ ആകര്‍ഷിക്കുന്നതിനായി സാംസ്കാരികവും, സാഹിത്യപരവുമായ നിരവധി പരിപാടികൾ SIBF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ പുസ്തകമേള ലോകത്തെ തന്നെ പ്രധാന പുസ്തകമേളകളിലൊന്നാണ്.
കഴിഞ്ഞ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2020 നവംബർ 4 മുതൽ 14 വരെയാണ് സംഘടിപ്പിച്ചത്. ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’ എന്ന പ്രമേയത്തിലൂന്നിയാണ് 2020-ലെ മേള നടത്തിയത്. 73 രാജ്യങ്ങളിൽ നിന്നുള്ള 1024 പ്രസാധകർ പുറത്തിറക്കിയ വ്യത്യസ്ത ഭാഷകളിലുള്ള ഏതാണ്ട് ഒരു ദശലക്ഷം പുസ്തകങ്ങളാണ് 2020-ലെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സാഹിത്യപ്രേമികൾക്കായി ഒരുക്കിയിരുന്നത്.
WAM