ഖത്തർ: 12 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് COVID-19 പരിശോധന നടത്തുമെന്ന് മന്ത്രാലയം

GCC News

രാജ്യത്ത് വാക്സിനെടുക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് ഈ ആഴ്ച്ച COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് റാപിഡ് ആന്റിജൻ അല്ലെങ്കിൽ PCR പരിശോധനകളാണ് നടത്തുന്നത്.

ഖത്തറിലെ വിദ്യാലയങ്ങളിലെയും, കിന്റർഗാർട്ടണുകളിലെയും വാക്സിനെടുക്കാത്ത അധ്യാപകർക്കും, മറ്റു ജീവനക്കാർക്കും COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. വിദ്യാലയങ്ങളിൽ വെച്ചാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്.

COVID-19 രോഗമുക്തരായവരെ ഈ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2021 ഒക്ടോബർ 3 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യയനത്തിനായി വിദ്യാലയങ്ങളിൽ നേരിട്ടെത്തുമെന്നും മന്ത്രാലയം അറിയിച്ചു.