യു എ ഇ: നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ ആരംഭിക്കും

featured GCC News

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 2 മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു. 2022 സെപ്റ്റംബർ 20-നാണ് SIBF ഇക്കാര്യം അറിയിച്ചത്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2022 നവംബർ 2 മുതൽ പന്ത്രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ്. ഇറ്റലിയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ലെ പ്രധാന അതിഥി രാജ്യം.

‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഈ ആശയം ശ്രേഷ്ഠമായ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സാംസ്‌കാരിക ആശയവിനിമയത്തിനുള്ള പാലങ്ങളായി വർത്തിക്കുന്നതിനുള്ള വാക്കുകളുടെ പ്രാപ്തിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.

പന്ത്രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ പുസ്തകമേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. എമിറേറ്റിന്റെ സാംസ്‌കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിന് നാല്പത്തൊന്നാമത് SIBF ലക്‌ഷ്യം വെക്കുന്നു.

മേളയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിൽപ്പരം സമുന്നതരായ എഴുത്തുകാരും, ബുദ്ധിജീവികളും പങ്കെടുക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ പുസ്തകമേള ലോകത്തെ തന്നെ പ്രധാന പുസ്തകമേളകളിലൊന്നാണ്.

കഴിഞ്ഞ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2021 നവംബർ 3 മുതൽ 13 വരെയാണ് സംഘടിപ്പിച്ചത്. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്.