ഷാർജ പുസ്തകമേള സമാപിച്ചു; 112 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷത്തിലധികം സന്ദർശകർ മേളയിൽ പങ്കെടുത്തു

UAE

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 13, ഞായറാഴ്ച സമാപിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 112 രാജ്യങ്ങളിൽ നിന്നുള്ള 2.17 ദശലക്ഷം സന്ദർശകർ പങ്കെടുത്തു.

“എല്ലാ പുസ്തകപ്രേമികളോടുമായി പുസ്തകങ്ങൾ പറയുന്നു: ‘വിട, നമ്മൾക്ക് അടുത്ത വർഷം വീണ്ടും കണ്ടുമുട്ടാം!’ “, ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനം കുറിച്ച് കൊണ്ട് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. 2022 നവംബർ 2-ന് ആരംഭിച്ച SIBF പന്ത്രണ്ട് ദിവസം നീണ്ട് നിന്നു.

‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്.

Source: WAM.

SIBF-ലെത്തിയ സന്ദർശകരിൽ 54.2 ശതമാനം പേർ പുരുഷന്മാരും, 45.8 ശതമാനം പേർ സ്ത്രീകളുമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേളയിൽ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

Source: WAM.

ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 2213 പ്രസാധകരാണ് പങ്കെടുത്തത്. ഇതിൽ 1298 പ്രസാധകർ അറബ് മേഖലയിൽ നിന്നും, 915 പ്രസാധകർ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ളവരായിരുന്നു.

ഷാർജ പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളിൽ നൂറ്റിഅമ്പതോളം പ്രമുഖ എഴുത്തുകാർ പങ്കെടുത്തു. ഇറ്റലിയായായിരുന്നു ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ലെ പ്രധാന അതിഥി രാജ്യം.

SIBF 2022 നവംബർ 1, ചൊവ്വാഴ്ച വൈകീട്ട് ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.

ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സന്ദർശകർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂര്‍വ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളും, പുസ്തകങ്ങളും നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.