ഖത്തർ: ഫിഫയുടെ അനുവാദമില്ലാതെ ലോകകപ്പ് ലോഗോ അടങ്ങിയ വസ്ത്രങ്ങൾ വില്പന നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

GCC News

ഫിഫയുടെ മുൻ‌കൂർ അനുമതിയില്ലാതെ അനധികൃതമായ രീതിയിൽ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയ ടീ-ഷർട്ട്, തൊപ്പി മുതലായവ വില്പന നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2022 മെയ് 10-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക വേൾഡ് കപ്പ് ലോഗോ ഉൾപ്പെടുത്തിയ വസ്ത്രങ്ങൾ ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിറ്റഴിച്ചിരുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് പ്രതിരോധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏറെ അന്വേഷണങ്ങൾക്കും, തിരച്ചിലുകൾക്കും ശേഷം ഈ നിയമലംഘനം നടത്തിയവരെ അറസ്റ്റ് ചെയ്തതായും, ഇവരിൽ നിന്ന് ഇത്തരം തുണിത്തരങ്ങൾ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട ലോഗോ, ഭാഗ്യചിഹ്നം മുതലായവ ഫിഫയിൽ നിന്നുള്ള രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ ഉപയോഗിക്കുന്നതിന് ആർക്കും അനുവാദമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമനടപടികൾ നേരിടുന്നത് ഒഴിവാക്കാൻ ഇത്തരം നിയമങ്ങൾ കൃത്യമായി പാലിക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.