സൗദി: രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകും

Saudi Arabia

രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നിലവിൽ ലഭ്യമാണെന്ന് സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി പ്രിവന്റീവ് ഹെൽത്ത് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. അബ്ദുല്ല ബിൻ മുഫ്രഹ് അസിരിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അവയവ മാറ്റ ശസ്ത്രക്രിയ, കാൻസർ മുതലായവ മൂലം രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന രാജ്യത്തെ അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം 2022 ഏപ്രിൽ 26-ന് അറിയിച്ചിരുന്നു. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ പ്രഖ്യാപിച്ചത്.