സൗദി: COVID-19 വാക്സിൻ മൂലമുള്ള മരണങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു

Saudi Arabia

രാജ്യത്ത് COVID-19 വാക്സിനെടുത്തതിനെത്തുടർന്ന് മരണം സംഭവിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. COVID-19 വാക്സിനെടുത്തതിനെത്തുടർന്ന് സൗദിയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദലി വ്യക്തമാക്കി.

ഓഗസ്റ്റ് 8-ന് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നില്ക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

നിലവിൽ രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി. വാക്സിനെടുക്കാത്തവർ എത്രയും വേഗം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. COVID-19 വാക്സിനുകൾ സുരക്ഷിതവും, വൈറസിനെതിരെ ഫലപ്രദവുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗർഭിണികളിലും ഈ വാക്സിൻ എടുക്കുന്നത് കൊണ്ട് പ്രത്യേക ദൂഷ്യഫലങ്ങളൊന്നും തന്നെയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയാണ് നിലവിൽ രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളെന്ന് അദ്ദേഹം വ്യക്തമാക്കി. സിനോഫാം, സിനോവാക് വാക്സിനുകൾക്ക് സൗദിയിൽ അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.