ഒമാൻ: ചെറുകിട ഇടത്തരം സംരഭകർക്ക് നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് CMA

featured Oman

രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും, സംരഭകർക്കും ആവശ്യമായ നിക്ഷേപങ്ങൾ പൊതുസമൂഹത്തിൽ നിന്ന് സമാഹരിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു പുതിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു. ഒമാനിൽ പ്രവർത്തനമാരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ക്രൗഡ്ഫണ്ടിംഗ് സംവിധാനമായിരിക്കും ഇത്.

ഈ വർഷം അവസാനിക്കുന്നതിന് മുൻപായി ഈ പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിക്കുമെന്നും CMA വ്യക്തമാക്കി. രാജ്യത്തെ ക്യാപിറ്റൽ മാർക്കറ്റ് നിയമങ്ങളും, ക്രൗഡ്ഫണ്ടിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളും ഭേദഗതി ചെയ്യുന്നതിന് അതോറിറ്റിയുടെ ബോർഡ് അംഗങ്ങൾ അംഗീകാരം നൽകിയതായും CMA കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണം അവസാനഘട്ടത്തിലെത്തിയതായും CMA അറിയിച്ചിട്ടുണ്ട്.

ഒമാനിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും, സംരഭകർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പ് വരുത്തുന്നതിനായാണ് ഈ നിക്ഷേപ സമാഹരണ സംവിധാനം ഒരുക്കുന്നതെന്ന് CMA വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സാമ്പത്തിക മേഖലയിൽ പുത്തൻ ഉണർവ്വ് സൃഷ്ടിക്കുന്നതിനും CMA ലക്ഷ്യമിടുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.