സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി ഏപ്രിൽ 18-ന് അവസാനിക്കും

GCC News

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18-ന് അവസാനിക്കും. ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപായി ഈ പ്രത്യേക പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ പൊതുജനങ്ങളോട് സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തിട്ടുണ്ട്.

2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാക്കിയിരിക്കുന്നത്.

ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് 2025 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള എല്ലാ പിഴതുകകളും അമ്പത് ശതമാനം ഇളവോടെ അടച്ച് തീർക്കാൻ അധികൃതർ അവസരം നൽകിയിട്ടുണ്ട്.

എല്ലാ പിഴതുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും, അല്ലെങ്കിൽ ഓരോ പിഴ തുകകൾ വെവ്വേറെയായി അടയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. 2025 ഏപ്രിൽ 18-ന് ഈ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ ഇത്തരം പിഴതുകകൾ പൂർണ്ണരൂപത്തിൽ അടച്ച് തീർക്കേണ്ടി വരുന്നതാണ്.

ഈ പദ്ധതിയുടെ കാലാവധി 2024 ഒക്ടോബർ 18-ന് അവസാനിക്കുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18 വരെ നീട്ടുകയായിരുന്നു.