യു എ ഇയിൽ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് 50000 ദിർഹം പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. COVID-19 പോസിറ്റീവ് ആയി കണ്ടെത്തുന്നവർക്കും, ഇവരുമായി അടുത്തിടപഴകാൻ ഇടയായവർക്കുമാണ് ഹോം ക്വാറന്റീൻ നിർദ്ദേശിക്കുന്നത്.
ഇത്തരത്തിൽ ആരോഗ്യ മന്ത്രാലയം ഹോം ക്വാറന്റീൻ നിർദ്ദേശിച്ചിട്ടുള്ളവർ പൂർണ്ണമായും ഐസൊലേഷനിൽ, മറ്റുള്ളവരുമായി യാതൊരു സമ്പർക്കവുമില്ലാതെ, അടുത്ത പരിശോധനകൾ നടത്തുന്നത് വരെ വീടുകളിൽ കഴിയേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ വീഴ്ച്ചവരുത്തുന്നവർക്ക് പിഴ ശിക്ഷ ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം ജനങ്ങളെ ഓർമിപ്പിച്ചു. ഒന്നിലധികം തവണ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്. COVID-19 പോസിറ്റീവ് ആയവരുമായി അടുത്തിടപഴകാൻ ഇടയായവർ അടുത്ത പരിശോധനകളുടെ വിവരങ്ങൾ അധികൃതർ അറിയിക്കുന്നത് വരെ, വീടുകളിൽ സെൽഫ് ഐസൊലേഷനിൽ തുടരേണ്ടതാണ്.
ക്വാറന്റീൻ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, COVID-19 സ്ഥിരീകരിച്ചവർക്ക്, നിരീക്ഷണത്തിനായി ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് നൽകുന്ന ഈ ട്രാക്കിങ്ങ് സംവിധാനം കൊറോണാ വൈറസ് ബാധിതർ മുഴുവൻ സമയവും ധരിക്കേണ്ടതാണ്. COVID-19 പോസിറ്റീവ് ആണെന്ന് വിവരം ലഭിക്കുന്നവർ, യു എ ഇയുടെ ഔദ്യോഗിക COVID-19 ട്രാക്കിങ്ങ് ആപ്പ് ആയ ‘അൽഹൊസൻ’ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
രണ്ട് ടെസ്റ്റുകളിൽ COVID-19 നെഗറ്റീവ് ആകുന്നതുവരെ ഈ ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് ഉപയോഗിക്കേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. COVID-19 സ്ഥിരീകരിച്ചവർ, ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് ഉപയോഗിക്കാതിരിക്കുകയോ, ഇവ കേടാക്കുകയോ, കളഞ്ഞുപോകുകയോ, ട്രാക്കിങ്ങ് ആപ്പ് ആയ ‘അൽഹൊസൻ’ ഇൻസ്റ്റാൾ ചെയ്യാതിരിക്കുകയോ ചെയ്താൽ 10000 ദിർഹം പിഴ ചുമത്തുന്നതാണ്.