അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 22 മുതൽ നാല് ദിവസം നീണ്ട് നിൽക്കും. ദിനവും രാവിലെ 8 മുതൽ രാത്രി 10 മണിവരെ മേളയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതാണ്. ഷാർജയിൽ നിന്നും, മറ്റു എമിറേറ്റുകളിൽ നിന്നുമായി നിരവധി ഈന്തപ്പന കർഷകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.
ഈ വർഷത്തെ മേളയുടെ ഭാഗമായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഈന്തപ്പന തോട്ടങ്ങളുടെ ഉടമകൾ, ഈന്തപ്പന കർഷകർ എന്നിവർ മത്സരങ്ങളുടെ ഭാഗമായി ഈ വർഷത്തെ വിളവിൽ നിന്നുള്ള വിവിധ തരം ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്നതാണ്.
ഈ വർഷത്തെ മേളയുടെ ഭാഗമായി ആകെ ഏതാണ്ട് ഒന്നര ദശലക്ഷം ദിർഹത്തിന്റെ സമ്മാനത്തുകകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മേളയിൽ ആദ്യമായി രണ്ട് പുതിയ മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. പ്രാദേശിക മാമ്പഴ ഇനങ്ങളുടെയും, ചുവപ്പ്, മഞ്ഞ വകഭേദങ്ങളിൽ പെടുന്ന അത്തിപ്പഴങ്ങളുടെയും പ്രദർശനമാണിത്.
WAM