ഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് 2024 ജനുവരി 20-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് ഈ തിയേറ്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷാർജ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഈ വാർഷിക ഉത്സവത്തിൽ നിരവധി പ്രാദേശിക, അന്തർദേശീയ നാടക-പെർഫോമിംഗ് ആർട്സ് ഗ്രൂപ്പുകൾ പങ്കെടുക്കുന്നതാണ്. ഇവർ ഇത്തവണത്തെ ഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന കലാപരവും വിദ്യാഭ്യാസപരവും വിനോദപരവുമായ പ്രകടനങ്ങൾ അവതരിപ്പിക്കും.
വാദി ഷി സ്‌ക്വയറിൽ നിന്ന് ഇവന്റ് വേദിയായ ഖോർഫക്കൻ പാർക്കിലേക്ക് നടക്കുന്ന 60 മിനിറ്റ് പരേഡോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ക്രിയാത്മകമായി അലങ്കരിച്ച വാഹനങ്ങൾ, മോട്ടറൈസ്ഡ്, അക്രോബാറ്റിക് ഗെയിമുകൾ, വിവിധ കലാ, സാംസ്കാരിക, പോലീസ്, സ്കൂൾ, സ്കൗട്ട് ഗ്രൂപ്പുകൾ എന്നിവ പരേഡിൽ പ്രദർശിപ്പിക്കും.
ഈ മേളയുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ ആവശ്യമായ എല്ലാ ഓഡിയോവിഷ്വൽ സൗകര്യങ്ങളുമുള്ള സുസജ്ജമായ മൂന്ന് പ്ലാറ്റ്‌ഫോമുകളാണ് ഒരുക്കുന്നത്. എമിറാത്തി ജനതയുടെ സമ്പന്നമായ പാരമ്പര്യങ്ങളും മൂല്യങ്ങളും ശ്രദ്ധയിൽപ്പെടുത്തുന്ന, മറ്റ് പ്രകടനങ്ങളുമായി ആലാപനവും സംയോജിപ്പിക്കുന്ന, രാജ്യത്തെ ഏറ്റവും പഴയ പരമ്പരാഗത കലകളിലൊന്നായ ഫാൻ അൽ-അയാലയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
ആതിക ബിൻത് സായിദ് പ്രൈമറി സ്‌കൂൾ അവതരിപ്പിക്കുന്ന “എ റൂസ്റ്റർ ഇൻ ഔവർ ഫീൽഡ്”, അൽ അക്ദ് അൽ ഫരീദ് പ്രൈമറി സ്‌കൂൾ അവതരിപ്പിക്കുന്ന “ദ ആന്റ് ആൻഡ് ദി ഗ്രാസ്ഹോപ്പർ” എന്നീ രണ്ട് സ്‌കൂൾ നാടക പ്രകടനങ്ങൾ ഈ മേളയുടെ ഭാഗമായി നടക്കും. കൽബ ഷോർട്ട് പ്ലേ ഫെസ്റ്റിവലിന്റെ പത്താം പതിപ്പിൽ പ്രത്യേക ജൂറി അവാർഡ് ലഭിച്ച സംവിധായകൻ ജാസിം അൽ തമീമിയുടെ “ലെറ്റ്സ് ടോക്ക് എ ലിറ്റിൽ” എന്ന നാടകം തുടർന്ന് ഇതേ വേദിയിൽ അവതരിപ്പിക്കുന്നതാണ്.
തുടർന്ന്, ഇതേ വേദിയിൽ ഈജിപ്ഷ്യൻ പൈതൃക പ്രദർശനവും, തുടർന്ന് ഗ്രീൻ സ്റ്റേജിൽ ഷാർജ സ്കൗട്ട് ടീം അവതരിപ്പിക്കുന്ന “ദി പ്രിസണേഴ്സ്” എന്ന നാടകവും അവതരിപ്പിക്കുന്നതാണ്. “അൽ ദാൻ”, “അൽ ലിയോ” തുടങ്ങിയ നിരവധി ജനപ്രിയ ഷോകളും ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള നാടോടി പ്രകടനങ്ങളും ഫെസ്റ്റിവലിൽ ഉണ്ട്.
കൂടാതെ, മുഖംമൂടികൾ, അലങ്കാരങ്ങൾ, ഫാഷൻ എന്നിവയുടെ കലകളിൽ സംവേദനാത്മക മത്സരങ്ങളുടെ ഒരു പരമ്പരയും ഉൾപ്പെടുത്തിയിട്ടുണ്ട്.
WAM