അബുദാബി: ഫെബ്രുവരി 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറയ്ക്കാൻ തീരുമാനം

featured GCC News

ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ എമിറേറ്റിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി കുറയ്ക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് തീരുമാനിച്ചു. എമിറേറ്റിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായും, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം.

ഫെബ്രുവരി 6-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സർക്കാർ മേഖലയിലെ സ്ഥാപനങ്ങളിലെ ഹാജർ നില കുറയ്ക്കുന്നതിനോടൊപ്പം ഏതാനം മേഖലകളിൽ റിമോട്ട് വർക്കിങ്ങ് സമ്പ്രദായം ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

അബുദാബിയിലെ സർക്കാർ മേഖലയിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് റിമോട്ട് വർക്കിങ്ങ് സമ്പ്രദായം ഏർപ്പെടുത്തുന്നതാണ്.

  • ജീവനക്കാർക്ക് ഓഫീസിൽ നേരിട്ടെത്താതെ നിർവഹിക്കാനാകുന്ന എല്ലാ ജോലികളും വിദൂര സമ്പ്രദായത്തിലൂടെ അനുവദിക്കുന്നതാണ്.
  • അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ജീവനക്കാർക്ക്.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞ ജീവനക്കാർക്കും.
  • വികലാംഗരായവർക്ക്.

ഇതിന് പുറമെ എല്ലാ ജീവനക്കാർക്കും ഓരോ ആഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായോ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായോ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ള ജീവനക്കാർക്ക് (അൽ ഹൊസൻ ആപ്പിൽ ഇത് സൂചിപ്പിക്കുന്ന ഗോൾഡ് സ്റ്റാർ അല്ലെങ്കിൽ E ചിഹ്നം നിർബന്ധം.) ഈ PCR ടെസ്റ്റിൽ ഇളവ് അനുവദിക്കുന്നതാണ്.