യു എ ഇയിലേക്കുള്ള യാത്രികർക്ക് ICMR അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 PCR റിസൾട്ട് ഉപയോഗിക്കാം

GCC News

യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലോ, നഗരങ്ങളിലോ യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകൾ ഇല്ലെങ്കിൽ, അതാത് രാജ്യങ്ങളിലെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്, എത്തിഹാദ്, എമിറേറ്റ്സ് മുതലായ വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിലുള്ള യാത്രാ നിബന്ധനകളുടെ കൂടെയാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ വിമാനകമ്പനികൾ അറിയിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 1 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും (12 വയസിനു മുകളിൽ പ്രായമുള്ള) COVID-19 PCR പരിശോധനാഫലങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്ന യു എ ഇ പൗരന്മാർ, റസിഡന്റ് വിസക്കാർ, ടൂറിസ്റ്റ് വിസകളിലുള്ളവർ, ട്രാൻസിറ്റ് യാത്രികർ തുടങ്ങി എല്ലാ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്. യാത്ര ചെയ്യുന്നതിന് മുൻപ്, 96 മണിക്കൂറിനുള്ളിൽ ലഭിച്ച പCR പരിശോധനാ ഫലങ്ങളാണ് ഇത്തരത്തിൽ സ്വീകരിക്കുക.

യു എ ഇ അംഗീകാരം നൽകിയിട്ടുള്ള മെഡിക്കൽ ലാബുകളിൽ നിന്നുള്ള പരിശോധന ഫലങ്ങൾ നിർബന്ധമാക്കിയതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇത്തരം ലാബുകളുടെ സേവനങ്ങൾ ലഭ്യമല്ലാത്ത നഗരങ്ങളിൽ നിന്നുള്ള യാത്രികർക്ക്, യാത്ര പുറപ്പെടുന്ന രാജ്യത്തിൻറെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ ഉപയോഗിക്കാമെന്നാണ് വിമാന കമ്പനികൾ പുറത്തുവിട്ടിട്ടുള്ള പുതിയ യാത്രാ നിബന്ധനകളിൽ പറയുന്നത്.

യാത്ര പുറപ്പെടുന്ന ഇടങ്ങളിൽ യു എ ഇ അംഗീകൃത ലാബുകൾ ഉണ്ടെങ്കിൽ, നിർബന്ധമായും അത്തരം ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മാത്രമാണ് അനുവദിക്കുന്നത് എന്നും, ഇത്തരം ലാബുകൾ ഇല്ലാത്ത സാഹചര്യത്തിൽ അതാത് രാജ്യത്തെ സർക്കാർ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR ടെസ്റ്റിംഗ് ഫലങ്ങൾ അനുവദനീയമാണെന്നുമാണ് ഓഗസ്റ്റ് 1-നു പുറത്തിറക്കിയ യാത്രാ നിബന്ധനകളിൽ എമിറേറ്റ്സ് അറിയിച്ചിട്ടുള്ളത്. ഓരോ രാജ്യങ്ങളിലുമുള്ള യു എ ഇ അംഗീകൃത ലാബുകളുടെയും, അതാത് രാജ്യങ്ങളിലെ സർക്കാർ അംഗീകാരമുള്ള ലാബുകളുടെയും വിവരങ്ങൾ എമിറേറ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ https://www.emirates.com/in/english/help/flying-to-and-from-dubai/tourists-travelling-to-dubai/ എന്ന വിലാസത്തിൽ ലഭ്യമാണ്.

നേരത്തെ പ്യുർ ഹെൽത്ത് (Pure Health) ഗ്രൂപ്പിന് കീഴിലുള്ള ലാബുകളിൽ നിന്നുള്ള ഫലങ്ങൾ നിർബന്ധമാക്കിയിരുന്ന എത്തിഹാദ് എയർവേസും ഈ തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്യുർ ഹെൽത്ത് ലാബുകൾ ലഭ്യമല്ലാത്ത നഗരങ്ങളിൽ നിന്നുള്ള യാത്രികർക്ക് അതാത് രാജ്യങ്ങളിലെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് എത്തിഹാദ് എയർവേസ് അറിയിച്ചിട്ടുണ്ട്. https://www.etihad.com/en-in/travel-updates/all-destinations-travel-guides#multi-step-form-wrapper എന്ന വിലാസത്തിൽ നിന്ന്, യാത്രികരുടെ നഗരങ്ങളിലുള്ള ഇത്തരം പരിശോധനാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള സേവനം എത്തിഹാദ് ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക്, യാത്ര പുറപ്പെടുന്ന നഗരങ്ങളിൽ പ്യുർ ഹെൽത്ത് സേവനങ്ങൾ ലഭ്യമല്ലെങ്കിൽ ICMR അംഗീകൃത ലാബുകളിൽ നിന്നും PCR ടെസ്റ്റ് നടത്താവുന്നതാണെന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്. ഇതിനു സമാനമായ അറിയിപ്പാണ് എയർ ഇന്ത്യ എക്സ്പ്രസ്സും നൽകിയിട്ടുള്ളത്.

https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_08072020.pdf എന്ന വിലാസത്തിൽ ICMR അംഗീകൃത ലാബുകളുടെ വിവരങ്ങൾ ലഭ്യമാണ്. ഇത്തരം പരിശോധനാ ഫലങ്ങൾ യാത്രികർ പ്രിന്റ് രൂപത്തിൽ കയ്യിൽ കരുതണമെന്നും വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.