റെസിഡന്റ് വിസകളിലുള്ളവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി

Qatar

റെസിഡൻസി പെർമിറ്റുകളുള്ള ഇന്ത്യക്കാരെ ഖത്തറിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക പ്രക്രിയകൾ നടപ്പിലാക്കിവരുന്നതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തറിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരോട് നിലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാനും, എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതുവരെ കാത്തിരിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

“നിലവിൽ ഇന്ത്യയിൽ തുടരുന്ന ഖത്തർ റെസിഡൻസി വിസകളുള്ളവരെ ഖത്തറിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എംബസി നടപ്പിലാക്കിവരികയാണ്. എംബസി ഇതുസംബന്ധമായ അറിയിപ്പ് നൽകുന്നത് വരെ ഖത്തറിലേക്ക് മടങ്ങാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണം. ഇത് സംബന്ധിച്ച അറിയിപ്പുകൾക്കായി എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്.”, ഖത്തറിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.

നിലവിൽ രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്കുള്ള (Exceptional Entry Permit) അപേക്ഷകൾ നൽകുന്ന സംവിധാനം ഓഗസ്റ്റ് 1 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പെർമിറ്റ് ലഭിച്ചവർക്ക്, ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സേവനങ്ങൾ വിവിധ ഏജൻസികളും, സ്ഥാപനങ്ങളും നൽകിവരുന്നതായുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

നിലവിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിച്ചിട്ടില്ല. ഖത്തർ സർക്കാർ അനുമതി നൽകിയിട്ടുള്ള ആരോഗ്യ പ്രവർത്തകരെ പോലുള്ള അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട യാത്രികർക്കായുള്ള ഏതാനം ചാർട്ടേഡ് വിമാനങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി നൽകിയിട്ടുള്ളത്.

മടങ്ങുന്ന രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യങ്ങൾ, ഇവർ തൊഴിലെടുക്കുന്ന മേഖലകളിൽ ഇവർ തിരികെയെത്തേണ്ടതിന്റെ അത്യാവശ്യകത, മാനുഷിക പരിഗണനയുടെ സാഹചര്യങ്ങൾ മുതലായ വിവിധ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും റെസിഡൻസി വിസകളിലുള്ളവർക്ക് തിരികെയെത്തുന്നതിനുള്ള അനുവാദം നൽകുക എന്ന് ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ജൂലൈ 22-നു അറിയിച്ചിരുന്നു.