ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ഏതാണ്ട് 3 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി RTA

UAE

ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ 2,853,710 യാത്രികർ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. മെട്രോ, ട്രാം, ബസ്, ജല ഗതാഗത മാർഗങ്ങൾ, ടാക്സി തുടങ്ങിയ RTA-യുടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചവരുടെ സംയുക്തമായ കണക്കാണിത്.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചത് ദുബായ് മെട്രോയിലാണ്. മെട്രോയുടെ ഗ്രീൻ, റെഡ് ലൈനുകളിലായി 909,106 യാത്രികർ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതേ ദിവസങ്ങളിൽ ദുബായ് ട്രാം ഉപയോഗിച്ചത് 42,608 പേരാണ്.

715,802 യാത്രികർ പൊതു ഗതാഗതത്തിനുള്ള ബസുകൾ ഉപയോഗിച്ചതായും, 972,868 യാത്രികർ ടാക്സിസേവനങ്ങൾ ഉപയോഗിച്ചതായും RTA അറിയിച്ചു. ഷെയേർഡ് ഗതാഗത സംവിധാനങ്ങളിൽ 116,195 പേരും, ജല ഗതാഗത സംവിധാനങ്ങളിലൂടെ 97,131 പേരും യാത്രചെയ്തു. യാത്രികരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും പൊതുഗതാഗത സംവിധാനങ്ങളിൽ നടപ്പിലാക്കിയതായും RTA കൂട്ടിച്ചേർത്തു.