ബഹ്‌റൈൻ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നു; 6000 സന്നദ്ധസേവകരിൽ വാക്സിൻ പരീക്ഷിക്കും

Bahrain

COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മറിയം അൽ ഹജ്‌രിയാണ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1292818998124515328

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിലും നടത്താൻ തീരുമാനിച്ചിട്ടുള്ളത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നാണ് ആരംഭിച്ചത്. ഇതേ വാക്സിൻ പരീക്ഷണങ്ങൾ രാജ്യത്ത് നടത്താൻ തീരുമാനിച്ചതായും, ഇതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, നിവാസികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 6000 സന്നദ്ധസേവകർക്ക് വാക്സിൻ നൽകുമെന്നും ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (SCH) പ്രസിഡന്റ് ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല വ്യക്തമാക്കി.

കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കുന്ന സന്നദ്ധസേവകരിൽ ഈ പരീക്ഷണങ്ങൾ 12 മാസത്തോളം തുടരുമെന്നും, ഈ പരീക്ഷണങ്ങൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (NHRA) അംഗീകാരം ലഭിച്ചതായും ഡോ. മറിയം അൽ ഹജ്‌രി അറിയിച്ചു. പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.

അതെ സമയം, യു എ ഇയിൽ നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി ഷാർജയിൽ പ്രവർത്തനമാരംഭിച്ച സേവനകേന്ദ്രത്തിൽ നിന്ന് ഇതുവരെ 500 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അബുദാബിയിൽ ഇതുവരെ 5000 സന്നദ്ധസേവകർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായി ഏതാനം ദിവസങ്ങൾക്ക് മുൻപ് അധികൃതർ വ്യക്തമാക്കിയിരുന്നു.

ചൈനീസ് വാക്സിൻ നിർമ്മാണ കമ്പനിയായ കാൻസിനോ നിർമ്മിക്കുന്ന ‘Ad5-nCOV’ എന്ന COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ രാജ്യത്ത് ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8, ശനിയാഴ്ച്ച അറിയിച്ചിരുന്നു