ഭിക്ഷാടനം നാടുകടത്തൽ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

Oman

രാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും, 100 റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്ന് ലഭിക്കുന്ന പണം കണ്ടുകെട്ടുമെന്നും, ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ വിദേശികളാണെങ്കിൽ നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരാമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

“ഭിക്ഷാടനം അപരിഷ്‌കൃതമായതും, കുറ്റകരമായതുമായ പ്രവർത്തിയാണ്. ഇത് പലതരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഭിക്ഷാടകരുമായി എല്ലാത്തരത്തിലുള്ള സമ്പർക്കങ്ങളും ഒഴിവാക്കാനും, യാചകവൃത്തിയെ പ്രോത്സാഹിപ്പിക്കാതിരിക്കാനും സമൂഹം ശ്രമിക്കേണ്ടതാണ്.”, രാജ്യത്തെ പൗരന്മാരോടും, നിവാസികളോടുമായി പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തു.

ഭിക്ഷാടനത്തിനായി പ്രായപൂർത്തിയാകാത്തവരെ ഉപയോഗിക്കുന്നതും, ഇത്തരം പ്രവർത്തികൾക്കായി പ്രായപൂർത്തിയാകാത്തവരെ മറ്റുള്ളവർക്ക് നൽകുന്നതും ഒമാനിൽ മൂന്ന് വർഷം തടവും, 100 റിയാൽ പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവരെ ഉപയോഗിക്കുന്നവർ അവരുടെ രക്ഷാകര്‍ത്താവോ, രക്ഷാധികാരിയോ, പരിപാലിക്കുന്നതിനു ചുമതലപെടുത്തിയവരോ ആണെങ്കിൽ ഇരട്ടി ശിക്ഷ ലഭിക്കാവുന്നതാണ്.