യു എ ഇ: ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധം

GCC News

ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് നൽകി. ഇത് പ്രകാരം ദുബായിലേക്ക് യാത്രചെയ്യുന്ന, ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ (GDRFA) മുൻ‌കൂർ അനുവാദം നിർബന്ധമാണ്.

റെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) എന്നിവർ സംയുക്തമായി ഓഗസ്റ്റ് 12-ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ICA-യുടെ മുൻ‌കൂർ അനുവാദമില്ലാതെ റെസിഡൻസി വിസക്കാർക്ക് യു എ ഇയിലേക്ക് മടങ്ങിയെത്താമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും, ദുബായിലേക്ക് മടങ്ങിയെത്തുന്ന റെസിഡൻസി വിസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാണെന്നാണ് ഇപ്പോൾ എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസക്കാർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ:

  • ദുബായിലേക്ക് യാത്രചെയ്യുന്ന, ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് GDRFA-യുടെ മുൻ‌കൂർ പെർമിറ്റ് നിർബന്ധമാണ്. https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx എന്ന വിലാസത്തിൽ നിന്ന് ഇത്തരം യാത്രികർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി GDRFA അനുവാദത്തിനായി അപേക്ഷിക്കാവുന്നതാണ്.
  • ദുബായിലേക്ക് മടങ്ങുന്നതിനു, യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകളിൽ നിന്നോ, അവ ഇല്ലാത്ത ഇടങ്ങളിൽ അതാത് രാജ്യങ്ങളുടെ സർക്കാർ അംഗീകൃത ലാബുകളിൽ നിന്നോ, 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്. ഇവ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളിലും, ദുബായ് വിമാനത്താവളത്തിലും പരിശോധനയ്ക്കായി നൽകേണ്ടതാണ്.
  • ദുബായിലേക്ക് മടങ്ങിയെത്തുന്ന എല്ലാ റെസിഡൻസി വിസക്കാരും നിർബന്ധമായും ‘COVID-19 DXB’ സ്മാർട്ട് ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
  • ദുബായ് വിമാനത്താവളത്തിൽ COVID-19 PCR നെഗറ്റീവ് പരിശോധനാ ഫലങ്ങൾ നൽകുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

യുഎയിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ ICA മുൻ‌കൂർ അനുവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും, യാത്രകളിൽ ഉടലെടുക്കാവുന്ന തടസങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുന്ന ഏതാനം വിവരങ്ങൾ മുകളിൽ നൽകിയ വിലാസത്തിൽ ലഭ്യമാണ്.