യു എ ഇ: മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി; 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

GCC News

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15000 സന്നദ്ധസേവകരെ ലക്ഷ്യമിട്ട് ആരംഭിച്ച വാക്സിൻ പരീക്ഷണത്തിൽ, കേവലം 6 ആഴ്ച്ച കൊണ്ട് 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതോടെയാണ് യു എ ഇയിലെ പരീക്ഷണങ്ങളുടെ ഭാഗമായുള്ള രജിസ്‌ട്രേഷൻ സംവിധാനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന COVID-19 മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത് യു എ ഇയിലെ പരീക്ഷണങ്ങളിലാണ്.

ഷാർജയിലെ അൽ ഖറയിൻ ഹെൽത്ത് സെന്ററിലും, അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലുമുള്ള (ADNEC) കേന്ദ്രങ്ങളിൽ പുതിയ റെജിസ്ട്രേഷനുകൾ ഇതോടെ നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ ഈ കേന്ദ്രങ്ങളിൽ നിന്ന്, നിലവിൽ സന്നദ്ധസേവകരായവരിൽ രണ്ടാം ഘട്ട കുത്തിവെപ്പ് സ്വീകരിക്കാത്തവർക്ക് വാക്സിൻ നൽകുന്ന സേവനങ്ങൾ, എല്ലാ സന്നദ്ധസേവകർക്കും ആരോഗ്യ പരിശോധനകൾ നടപ്പിലാക്കുന്ന നടപടികൾ എന്നിവ തുടരുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈ പകുതിയോടെ അബുദാബിയിൽ ആരംഭിച്ചിരുന്നു. യു എ ഇയ്ക്ക് പുറമെ ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ഇതേ വാക്സിൻ പരീക്ഷണം നടക്കുന്നുണ്ട്.