നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, ബഹ്റൈനിലെ നയതന്ത്രകാര്യാലയവുമായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, ടിക്കറ്റുകൾ വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
നേരത്തെ ഇത്തരം പ്രത്യേക വിമാനങ്ങളിൽ, എംബസിയുമായി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകിയിരുന്നത്. എയർ ബബിൾ സംവിധാനം നിലവിൽ വന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ നാട്ടിലേക്ക് മടങ്ങുന്നതിനു അനുവാദം നൽകാൻ ഇന്ത്യൻ ആഭ്യന്തരകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവർ സംയുക്തമായി തീരുമാനിച്ചിരുന്നു.
ഇതിനെ തുടർന്നാണ്, ഈ വിമാനങ്ങളിൽ യാത്രികർക്ക് എംബസി റെജിസ്ട്രേഷൻ കൂടാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസി സെപ്റ്റംബർ 13-നു വൈകീട്ട് അറിയിച്ചത്. ഇന്ത്യ ബഹ്റൈൻ എയർ ബബിൾ കരാർ പ്രാബല്യത്തിൽ വന്നതായും എംബസി സെപ്റ്റംബർ 13-നു പുറത്തിറക്കിയ അറിയിപ്പിലൂടെ വ്യക്തമാക്കി. യാത്രാ ടിക്കറ്റുകൾക്കായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഗൾഫ് എയർ എന്നീ വിമാനകമ്പനികളെ സമീപിക്കാവുന്നതാണ്.
ഇന്ത്യയുടെയും, ബഹ്റൈനിന്റെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ കൈകൊണ്ടിട്ടുള്ള ഈ പ്രത്യേക ധാരണപ്രകാരം, ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണെന്ന് സെപ്റ്റംബർ 11, വെള്ളിയാഴ്ച്ച ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
ഇത്തരം വിമാനസർവീസുകളിൽ യാത്രചെയ്യാൻ അനുവാദമുള്ളവരെ സംബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രകൾ:
- ബഹ്റൈൻ പൗരന്മാർ.
- ബഹ്റൈനിൽ നിന്നുള്ള സാധുത വിസയുള്ള ഇന്ത്യൻ പൗരന്മാർ. ട്രാൻസിറ്റ് യാത്രകൾ അനുവദനീയമല്ല എന്നും, ബഹ്റൈനിലേക്ക് മാത്രമുള്ള യാത്രികർക്കാണ് അനുവാദമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഓരോ വിഭാഗം വിസകൾക്കും ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുകൾ ഇല്ലായെന്ന് വിമാനകമ്പനികൾ ടിക്കറ്റ് നല്കുന്നതിനുമുൻപായി ഉറപ്പാക്കേണ്ടതാണ്.
ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ:
- ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ.
- ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ബഹ്റൈൻ പാസ്സ്പോർട്ട് ഉള്ളവർ.
- ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ബഹ്റൈൻ പൗരന്മാർ.
ഇതിനെത്തുടർന്ന്, എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14, തിങ്കളാഴ്ച്ച മുതൽ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ അറിയിക്കുകയുണ്ടായി.